സ്ത്രീയേയും ഗർഭസ്ഥശിശുവിനെയും വിഷംകൊടുത്ത് കൊന്നു; വിചാരണയ്ക്ക് മുൻപ് പ്രതി മരിച്ചു, നീതി ഉറപ്പാക്കി വയനാട് കോടതി

കല്പറ്റ: നാടിനു നൊമ്പരമായ അമ്മയുടെയും ഗർഭസ്ഥശിശുവിന്റെയും മരണത്തിൽ കുറ്റപത്രത്തിന്റെയും വാദപ്രതിപാദത്തിനുമപ്പുറം മനഃസാക്ഷിയെ ചേർത്തുനിർത്തി നീതിയുടെ വാതിൽ തുറക്കുകയാണ് കോടതി.

കേസിന്റെ വിചാരണ പൂർത്തിയാവും മുൻപേ പ്രതിയും മരണപ്പെട്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ കോടതിയിൽ ഇരയുടെ കുടുംബത്തിന്റെ വേദനകൾ വിളിച്ചു പറഞ്ഞു. വിചാരണയ്ക്കു മുൻപ് പ്രതി മരണപ്പെട്ടതോട നിയമവഴിയിൽ കേസ് അവസാനിച്ചെങ്കിലും ഇരയുടെ കുടുംബത്തിന്റെ വേദനയും പ്രാരബ്ധവും മുന്നോട്ടുള്ള ജീവിതവും കോടതിക്കു മുൻപിൽ ഒരു ചോദ്യമായിത്തന്നെ നിന്നു. വേദന കോടതി കണ്ടു.

അവസാനിപ്പിക്കാമായിരുന്ന കേസിൽ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയും ഇരയുടെയും കുടുംബാംഗങ്ങളുടെയും മാനസികവും ഭൗതികവുമായ വൈകല്യവുമായി ബന്ധപ്പെട്ട ആവശ്യങ്ങളും പരിഗണിച്ച് 16 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വയനാട് ജില്ലാ അഡീഷനൽ സെഷൻസ് (രണ്ട് )കോടതി വിധിച്ചു.

2021 നവംബറിൽ മൂളിത്തോടായിരുന്നു കേസിനാസ്പദമായ സംഭവം. മാനസികമായി വെല്ലുവിളി നേരിടുന്ന വിവാഹമോചിതയായ ഒരു സ്ത്രീയെ സഹായിയുടെ രൂപത്തിൽ ഒപ്പംകൂടി ലൈംഗികമായി ഉപയോഗിക്കുകയും ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഇഷ്ടപ്പെട്ട ജ്യൂസിൽ കീടനാശിനി കലർത്തി സ്ത്രീയെയും ഗർഭസ്ഥശിശുവിനെയും കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് കോടതിയുടെ അപൂർവമായവിധി. കേസിലെ പ്രതിയായ എടവക വാളേരി പുതുപറമ്പിൽ റഹിം ഹൃദയാഘാതത്തെത്തുടർന്ന് വിചാരണ പൂർത്തിയാവും മുൻപേ മരിച്ചു. 2026 ഓഗസ്റ്റ് 26-നാണ് റഹീം മരണപ്പെട്ടത്. ഇരയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കി വയനാട് അഡീഷണൽ സെഷൻസ് ജഡ്ജ് എൽ. ജയവന്താണ് വിചാരണ അവസാനിച്ചതുകൊണ്ട് ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരത്തിനുള്ള അവകാശം നിഷേധിക്കാനാവില്ലെന്ന നിലപാടുമായി വിധി പ്രഖ്യാപിച്ചത്. ഒക്ടോബർ മൂന്നിനായിരുന്നു വിധി പ്രഖ്യാപനം. വിചാരണ അവസാനിക്കുന്നതിനു മുൻപ് പ്രതി മരണപ്പെട്ടതിനാൽ ശിക്ഷവിധിക്കാൻ കഴിയില്ല. അതിനാൽ നഷ്ടടപരിഹാരത്തുക ജില്ലാ ലീഗൽ സർവീസ് അതോറിറ്റി മുഖാന്തരം ഇരയുടെ കുടുംബത്തിന് നൽകാനാണ് വിധി.

അന്നത്തെ മാനന്തവാടി സി.ഐ. ആയിരുന്ന എം.എം. അബ്ദുൾ കരീമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. ഇരയുടെ കുടുംബത്തിന് ആശ്വാസം നൽകാനുള്ള കോടതിയുടെ മാനവിക ഇടപെടലിനെയും ആദരിക്കുന്നതായും അന്വേഷണമികവിനുള്ള അംഗീകാരമായി കരുതുന്നെന്നും എം.എം. അബ്ദുൾ കരീം പറഞ്ഞു.

ഡി.എൻ.എ. പരിശോധനയും രാസപരിശോധനയും ഉൾപ്പെടെയുള്ള ശാസ്ത്രീയതെളിവുകൾ നിർണായകമായതായിരുന്നു ഈ കേസ്. ഗർഭസ്ഥശിശുവിന്റെ പിതാവ് പ്രതിയാണെന്ന് ഡി.എൻ.എ.യിലൂടെ തെളിഞ്ഞു. മരണകാരണം ക്ലോർപൈറിഫോസ് എന്ന കീടനാശിനി അകത്ത് ചെന്നാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടും. അന്വേഷണത്തിൽ കണ്ടെത്തിയ ജ്യൂസ് കുപ്പിയിലെ വിഷാംശം, വീട്ടിലെ ഛർദിയുടെ അംശത്തിൽനിന്ന് ശാസ്ത്രീയപരിശോധനയിൽ തെളിഞ്ഞ കീടനാശിനി അംശം തുടങ്ങി സൂക്ഷ്മനിരീക്ഷണത്തിൽ ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ കേസിൽ നിർണായകമായി.

Leave a Reply

Your email address will not be published. Required fields are marked *