
വടകര: പോക്‌സോ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് വടകര മയ്യന്നൂർ സ്വദേശി തട്ടാറത്ത് മീത്തൽ നാസറിനാണ് വെട്ടേറ്റത്. ഇയാളുടെ കഴുത്തിനും കൈകളിലും അടക്കം ശരീരത്തിൽ പലഭാഗത്തും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുവാണ് ആക്രമിച്ചതെന്നാണ് സൂചന.
വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നാസറിന്റെ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വീടിനോട് ചേർന്ന് കടനടത്തുന്ന നാസർ ഈ മാസം മൂന്നിന് ഇവിടെ സാധനം വാങ്ങാനെത്തിയ 10 വയസുകാരിയെ പീഡിപ്പിച്ചതായാണ് പരാതി വന്നത്. തുടർന്ന് കേസിൽ റിമാൻഡിലായിരുന്ന ഇയാൾ അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.
