
ഇസ്രയേലിൽ റെക്കോർഡ് പോളിങ്. ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം വൈകിട്ട് 4 മണി വരെ 55.7% പേർ വോട്ട് രേഖപ്പെടുത്തി. 2022 നെ അപേക്ഷിച്ച് 8 ശതമാനം അധികമാണിത്. ഇതുവരെ 4,085,075 വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയെ ഉദ്ധരിച്ച് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം വോട്ടിങ് സമയം അവസാനിക്കാറായതോടെ വോട്ടെടുപ്പ് പ്രക്രിയ വേഗത്തിലാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഇതുപ്രകാരം വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താനുള്ള തിരിച്ചറിയൽ രേഖകളിൽ കൂടുതൽ ഇളവ് അനുവദിച്ചു. ഭിന്നശേഷിക്കാർക്ക് ബൂത്തിൽ മുൻഗണന നൽകുന്നത് ഉറപ്പാക്കാനും നിർദേശമുണ്ട്
ഇടതുപക്ഷവും അറബ് പാർട്ടികളും ചേർന്ന് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് നെതന്യാഹു ആരോപണം ഉന്നയിച്ചിട്ടുണ്ട്. അതേസമയം തിരഞ്ഞെടുപ്പ് ഫലങ്ങളെ വെല്ലുവിളിക്കാൻ നെതന്യാഹു തയാറെടുക്കുന്നതായി എതിരാളികൾ ആരോപിച്ചു. നെതന്യാഹു പരിഭ്രാന്തിയിലാണെന്നും അവർ ആരോപിച്ചു. മുൻ ഇസ്രയേലി സൈനിക മേധാവിയായ ഗാദി ഐസൻകോട്ടിനെയാണ് നെതന്യാഹു പ്രധാനമായും എതിരിടുന്നത്. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കണമെന്നും ഐസെൻകോട്ട് ആഹ്വാനം ചെയ്തു. അതേസമയം ചിലയിടങ്ങളിൽ ചെറിയ സംഘർഷങ്ങൾ ഉണ്ടായതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
