
എറണാകുളം: ചേരാനല്ലൂർ വാഹനാപകടത്തിൽ 17കാരൻ്റെ അച്ഛനായ ജഡ്ജിയുടെ ഫ്ലാറ്റിൽ പോലീസ് പരിശോധന. ആലുവയിലെ ഫ്ലാറ്റിലാണ് പരിശോധന നടത്തിയത്. ഹൈക്കോടതിയുടെ നിർദേശ പ്രകാരമായിരുന്നു അടിയന്തര പരിശോധന. സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. അതേസമയം, മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഇന്ന് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കും. 17കാരന്റെ ജാമ്യം റദ്ദാക്കണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം. ജഡ്ജിക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
അതേസമയം, ജഡ്ജിയുടെ അറസ്റ്റിന് ഹൈക്കോടതിയുടെ അനുമതി കാത്തുനിൽക്കെയാണ് പോലീസ് ഫ്ലാറ്റിൽ പരിശോധന നടത്തിയത്. അപകടവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ തേടിയാണ് പരിശോധന നടത്തിയിരിക്കുന്നത്. പ്രതി വീട്ടിൽ നിന്ന് ഇറങ്ങിയതുൾപ്പടെയുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. അതിനിടെ മരിച്ച ജയബാലകൃഷ്ണന്റെ ബന്ധുക്കളും ചേരാനല്ലൂർ പൊലീസും തമ്മിൽ നടത്തിയ മണിക്കൂറുകൾ നീണ്ട ചർച്ച അവസാനിച്ചു.
അഭിഭാഷകനൊപ്പമാണ് ജയബാലകൃഷ്ണന്റെ ബന്ധുക്കൾ പോലീസിനെ കാണാനെത്തിയത്. ചർച്ചയിൽ പൊലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികളെ കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം കുടുംബത്തെ കൃത്യമായി ധരിപ്പിച്ചു. ഹൈക്കോടതിയാണ് തുടർ നടപടികൾ സ്വീകരിക്കേണ്ടതെന്നും ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ പൊലീസ് കൈമാറിയിട്ടുണ്ടെന്നും ചർച്ചയിൽ കുടുംബത്തെ രേഖകൾ അടക്കം കാണിച്ച് പൊലീസ് വിശദീകരിച്ചിരുന്നു.
സിഐ ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച കേസിൽ വീഴ്ച വരുത്തിയ നാലു പോലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. സർക്കിൾ ഇൻസ്പെക്ടർ, സ്റ്റേഷൻ ഹൗസ് ഓഫീസർ, ഗ്രേഡ് എസ് ഐ, ഒരു സിവിൽ പോലീസ് ഓഫീസർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. കേസ് കൈകാര്യം ചെയ്ത രീതിയിൽ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചു എന്ന ആരോപണം ശക്തമായി ഉയർന്നതിന് പിന്നാലെയാണ് നടപടി.
ആഭ്യന്തരവകുപ്പ് മന്ത്രി തന്നെ പോലീസ് വീഴ്ച സംഭവിച്ചെന്ന് അംഗീകരിക്കുകയും ശക്തമായ നടപടി ഉണ്ടാകുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ജഡ്ജിയുടെ മകനായ 17 കാരൻ അമിത വേഗതയിൽ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകട നടത്തിയിരുന്ന ജയപാലകൃഷ്ണൻ ദാരുണമായി കൊല്ലപ്പെടുന്നത്. തുടക്കത്തിൽ മനപ്പൂർവ്വമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസെടുത്തിരുന്നത്. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെ ആഭ്യന്തരവകുപ്പ് മന്ത്രി തന്നെ നേരിട്ട് ഇടപെടുന്ന സാഹചര്യമുണ്ടായി.
