
പത്തനംതിട്ട: മകളെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച പിതാവിനെ മകളുടെ ഭർത്താവ് കത്തികൊണ്ട് മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചു. പ്രതിയെ സംഭവസ്ഥലത്തുനിന്നും പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം, ഇടയൂർ, ചക്കാല തെക്കേതിൽ വീട്ടിൽ ഹാരിസ് പി. ഹുസൈൻ (28) ആണ് പത്തനംതിട്ട പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട് വിവാഹിതരായ 19കാരിയും പ്രതിയും പത്തനംതിട്ടയിലാണ് താമസം.
ഇവർ തമ്മിലുള്ള വഴക്ക് പരിഹരിക്കുന്നതിനാണ് പ്രതിയുടെ ഭാര്യാപിതാവും മാതാവും സ്ഥലത്തെത്തിയത്. ഇതിനിടെ, മകളെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചതിൽ പ്രകോപിതനായ പ്രതി വീട്ടിനുള്ളിൽ നിന്നും കത്തിയെടുത്ത് ഭാര്യാ പിതാവിനെ നെഞ്ചിലും കാലിനും മാറിമാറി കുത്തുകയായിരുന്നു. മാരകമായി പരിക്കേറ്റ ഭാര്യാപിതാവിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഓപറേഷൻ നടത്തി.
ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. വിവരമറിഞ്ഞെത്തിയ പത്തനംതിട്ട പൊലീസ് സംഭവസ്ഥലത്തുനിന്നും പ്രതിയെ കസ്റ്റഡിയിൽ എടുത്തു. രാത്രിയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
പ്രതി മലപ്പുറം വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ രണ്ട് മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ 5 ക്രിമിനൽ കേസുകളിലും, കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ പോക്സോ കേസിലും പ്രതിയാണെന്ന് പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ അരുൺ പറഞ്ഞു. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
