വീടുമാറിക്കയറി എക്സൈസ് സംഘം: ജനൽ വഴി ടോർച്ചടിച്ചു, വാതിൽ പൊളിക്കുമെന്ന് ഭീഷണി, പരിശോധനയിൽ ഭയന്ന് ദമ്പതികൾ

ഫോർട്ട്കൊച്ചി: പുലിവാല് പിടിച്ച് എക്സൈസ് സംഘം. വാറന്റ് പ്രതിയെ പിടികൂടാൻ കട്ടപ്പനയിൽനിന്നും ഫോർട്ട്‌കൊച്ചിയിലെത്തിയ എക്‌സൈസ് സംഘം വീട് മാറി കയറിയതാണ് പുലിവാല് പിടിച്ചത്. വ്യാഴാഴ്ച പുലർച്ചെ 4.30നാണ് സംഭവം. ഫോർട്ട്‌കൊച്ചി അധികാരി വളപ്പിന് സമീപം ഫെർണാണ്ടസ് ഗാർഡനിൽ, എടപ്പാൾ സ്വദേശികളായ ദമ്പതിമാർ വാടകക്ക് താമസിക്കുന്ന വീട്ടിലാണ് എക്സൈസ് സംഘമെത്തിയത്. ഈ വീടിന് സമീപമാണ് വാറന്റ് പ്രതി താമസിക്കുന്നത്.

ഭർത്താവ് നൈറ്റ് ഡ്യൂട്ടിക്ക് പോയതിനാൽ ഭാര്യ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിലെത്തിയ എക്‌സൈസ് സംഘം ജനാലയിലൂടെ വീടിനുള്ളിലേക്ക് ടോർച്ചടിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പൊളിച്ച് അകത്തു കടക്കുമെന്നും ഇവർ പറഞ്ഞതായി വീട്ടമ്മ പറയുന്നു. കള്ളൻമാരാണ് പുറത്തുള്ളതെന്ന് കരുതിയ വീട്ടമ്മ ഫോർട്ട്‌കൊച്ചിയിൽ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന ഭർത്താവിനെ ഫോണിൽ വിളിച്ചു. ബഹളം കേട്ട് എത്തിയ സമീപത്തെ വീട്ടുടമ, ഒരു സ്ത്രീ മാത്രമേ വീട്ടിലുള്ളൂവെന്ന് അറിയിച്ചില്ലെങ്കിലും ഉദ്യോഗസ്ഥർ പിൻവാങ്ങിയില്ല. വാതിൽ തുറന്നേ ഞങ്ങൾ പോകൂ എന്ന പിടിവാശിയിലായിരുന്നു ഉദ്യോഗസ്ഥരെന്ന് വീട്ടമ്മ പറയുന്നു.

ഇതിനിടെ ജോലി സ്ഥലത്തുനിന്ന് ഭർത്താവ് ഓടിയെത്തി. അപ്പോഴും എക്‌സൈസ് സംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഒരു വനിതാ ഓഫിസറുണ്ടായെങ്കിലും അവർ മാറി നിൽക്കുകയായിരുന്നു. പുരുഷ ഉദ്യോഗസ്ഥർക്ക് യൂണിഫോമുണ്ടായിരുന്നില്ല. ഭർത്താവ് എക്‌സൈസ് അധികൃതരോട് തിരിച്ചറിയൽ രേഖ കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ അതിനും തയാറായില്ലെന്നും ഇവർ ആരോപിച്ചു. ബഹളം കേട്ട് ആളുകൾ എത്തിത്തുടങ്ങിയതോടെ, എക്‌സൈസ് സംഘം സ്ഥലം വിടുകയായിരുന്നു. ഇതിനിടയിൽ യുവതിയെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ ഭർത്താവ് ഫോർട്ട്‌കൊച്ചി പൊലീസിൽ പരാതിയുമായി എത്തിയെങ്കിലും പരാതി സ്വീകരിക്കാൻ ആദ്യം തയാറായില്ല.

സംഭവത്തെ തുടർന്ന് ഭാര്യ മാനസികമായി തകർന്നിരിക്കുകയാണെന്നും എക്‌സൈസ് സംഘത്തിനെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ ഭർത്താവ് പൊ4ലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. സംഭവം വിവാദമായതോടെ ഫോർട്ട്‌കൊച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *