
കൽപ്പറ്റ: വയനാട് മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദത്തിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെതിരേ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. മീനങ്ങാടി സ്കൂളിൽ നിന്ന് വടുവഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് പ്രിൻസിപ്പലിനെ സ്ഥലം മാറ്റി. വിനോദയാത്രയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച പറ്റിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചു എന്ന ആരോപണത്തെ തുടർന്നാണ് മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദത്തിലായത്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധങ്ങളെ തുടർന്ന് പ്രിൻസിപ്പലിന്റെ രക്തപരിശോധന നടത്തുകയും ചെയ്തു. എന്നാൽ പരിശോധനയിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യമില്ല എന്നാണ് റിപ്പോർട്ട് വന്നത്.
മദ്യപിച്ചില്ല എന്ന് തെളിഞ്ഞെങ്കിലും, വിനോദയാത്രയുമായി ബന്ധപ്പെട്ട സർക്കാർ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായി എന്ന പേരിലാണ് ഇപ്പോൾ പ്രിൻസിപ്പലിനെതിരേ നടപടി വന്നിരിക്കുന്നത്. വിവാദത്തെ തുടർന്ന് ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടന്നിരുന്നു. വിനോദയാത്രയ്ക്കായി ആർആർഡിയിൽ നിന്ന് അനുമതി തേടിയില്ലെന്നും മൂന്നുദിവസം നടത്തേണ്ട യാത്ര 5 ദിവസം വരെ നീട്ടിയെന്നും അന്വേഷണത്തിൽ കണ്ടെത്തി.
വിനോദയാത്രാ വിവാദത്തിൽ മീനങ്ങാടി സ്കൂൾ പിടിഎ പ്രസിഡന്റിനെ മാറ്റാനും നിർദേശമുണ്ട്. മീനങ്ങാടി സ്കൂളിൽ നിന്ന് ഹൈദരാബാദിലേക്ക് നടന്ന വിനോദയാത്രയുമായി ബന്ധപ്പെട്ട് സർക്കാരിന് അവമതിപ്പുണ്ടാക്കുന്ന കാര്യങ്ങളാണ് നടന്നത്. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റാനുള്ള ഉത്തരവ് വന്നിരിക്കുന്നത്. അതേസമയം സംഭവത്തിൽ രാഷ്ട്രീയ ഗൂഡാലോചന ഉണ്ടായിട്ടുണ്ടെന്നും തനിക്കെതിരെ നടന്ന നീക്കങ്ങൾക്കെതിരെ നിയമപരമായ നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ പ്രതികരിച്ചു.
മീനങ്ങാടി സ്കൂളിൽ നിന്ന് ഹൈദരാബാദിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന വിദ്യാർഥികളുടെ വീഡിയോയിൽ നിന്നാണ് വിവാദങ്ങൾ തുടങ്ങിയത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ സ്കൂളിനു മുന്നിൽ പ്രതിഷേധവുമായി രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തി. ഇത് വലിയ ചർച്ചയായി. തുടർന്ന് പൊലീസ് നടത്തിയ വൈദ്യപരിശോധനയിൽ പ്രിൻസിപ്പലിന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന് വ്യക്തമായി.
മദ്യപിച്ചിട്ടില്ല എന്ന റിപ്പോർട്ട് വന്നതോടെ പ്രിൻസിപ്പലിനെ കുടുക്കാൻ ശ്രമം നടന്നതാണ് എന്ന നിലയ്ക്ക് വാദങ്ങൾ ഉയർന്നു. സത്യം തെളിഞ്ഞെന്നും തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നുമായിരുന്നു ഷിവി കൃഷ്ണന്റെ പ്രതികരണം. ഈ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പാണ് നടന്നതെന്നും ഇതിനു പിന്നിൽ പിടിഎ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നുമാണ് പ്രിൻസിപ്പൽ പറയുന്നത്.
എന്നാൽ, പ്രിൻസിപ്പൽ മദ്യപിച്ചിട്ടില്ല എന്ന റിപ്പോർട്ട് വന്നിട്ടും വിവാദങ്ങൾ അവസാനിച്ചിട്ടില്ല. സംഭവം നടന്ന് 12 മണിക്കൂർ വരെ വൈകിയാണ് രക്തസാമ്പിൾ ശേഖരിച്ചതെന്നും, അതുകൊണ്ടാണ് ഫലം നെഗറ്റീവായതെന്നും ഒരു വിഭാഗം ഇപ്പോഴും ആരോപിക്കുന്നു. യൂറിൻ പരിശോധനയ്ക്ക് പ്രിൻസിപ്പൽ വിസമ്മതിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് ഇവർ വാദിക്കുന്നത്. എന്നാൽ യാത്രയിലുണ്ടായിരുന്ന ഒരു വിഭാഗം വിദ്യാർഥികൾ പ്രിൻസിപ്പൽ മദ്യപിച്ചിട്ടില്ല എന്ന നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഈ നിലയ്ക്ക് വിവാദങ്ങൾ തുടരുന്നതിനിടെയാണ് ഇപ്പോൾ പ്രിൻസിപ്പലിന് സ്ഥലംമാറ്റം ഉണ്ടായിരിക്കുന്നത്.
