കാർ ബൈക്കിലിടിച്ച് രണ്ട് പെൺകുട്ടികൾ പാലത്തിൽനിന്ന് താഴേക്ക് വീണു

അമ്പലപ്പുഴ: നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ചു. ബൈക്ക് യാത്രക്കാരായ രണ്ട് പെൺകുട്ടികൾ പാലത്തിൽനിന്ന് താഴെ വീണു. ദേശീയപാതയിൽ കാക്കാഴം റെയിൽവെ മേൽപ്പാലത്തിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. കൊല്ലത്തുനിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സക്കായി പോയവർ സഞ്ചരിച്ച കാറാണ് എതിരെ വന്ന ബൈക്കിലിടിച്ചത്.

ബൈക്ക് ഓടിച്ചിരുന്ന വളഞ്ഞ വഴി കമ്പിവളപ്പ് രാഹുൽ (36), സഹോദരി പുത്രി ദേവ ദർശി (18), സുഹൃത്ത് ദിയ (18) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ദേവ ദർശി, ദിയ എന്നിവർ ബൈക്കിൽ നിന്ന് തെറിച്ച് പാലത്തിന് താഴെ വീണു. ഓടിക്കൂടിയ നാട്ടുകാർ മൂവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. കാലിന് ഒടിവേറ്റ രാഹുലിനെയും ഗുരുതര പരിക്കേറ്റ ദേവദർശി, ദിയ എന്നിവരെയും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാർ യാത്രക്കാർക്ക് പരിക്കില്ല.

അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പിന്നീട് ക്രെയിനുപയോഗിച്ച് കാർ പാലത്തിൽ നിന്ന് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ബൈക്ക് പൂർണമായി തകർന്നു. കാറിന്റെ മുൻ ഭാഗവും പൂർണമായി തകർന്നിട്ടുണ്ട്. അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിലേക്ക് പോയതായിരുന്നു ബൈക്ക് യാത്രക്കാർ.

Leave a Reply

Your email address will not be published. Required fields are marked *