പ്രാർഥനയിലൂടെ രോഗം മാറ്റാമെന്ന് വാഗ്ദാനം; 16 കാരിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; മതപണ്ഡിതന്‍ മുഹമ്മദ് നിയാസ് ജൗഹരി അറസ്റ്റില്‍

രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രമുഖ മതപ്രഭാഷകനും വ്ലോഗറുമായ മുഹമ്മദ് നിയാസ് ജൗഹരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ഹബീബിയ ഇസ്ലാമിക് അക്കാദമി’ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് അറസ്റ്റിലായ മുഹമ്മദ് നിയാസ്. ഇന്നലെ രാത്രിയോടുകൂടി സ്ഥാപനത്തിൽ വച്ചാണ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്നത്.

രോഗബാധിതയായ പെൺകുട്ടിയെ പ്രാർഥനയ്ക്കായി അടുത്ത ബന്ധുവാണ് ഓച്ചിറയിലെ ഹബീബിയ ഇസ്ലാമിക് അക്കാദമിയിൽ എത്തിച്ചത്. തുടർച്ചയായ ചികിത്സയിലൂടെയും പ്രാർത്ഥനകളിലൂടെയും രോഗം ഭേദമാക്കാമെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ച പ്രതി, പിന്നീട് പെൺകുട്ടിയെ ഒറ്റയ്ക്ക് വിളിപ്പിച്ചാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. പിന്നീട് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു. പീഡനവിവരം കുട്ടി ബന്ധുക്കളെ അറിയിച്ചതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ പ്രാഥമിക മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഘം, പ്രതിയെ സ്ഥാപനത്തിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പൊലീസ് ചോദ്യം ചെയ്യലിൽ മുഹമ്മദ് നിയാസ് ജൗഹരി കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇയാൾക്കെതിരെ പോക്സോ വകുപ്പുകളും ലൈംഗികാതിക്രമം തടയുന്നതിനുള്ള വിവിധ വകുപ്പുകളും ചുമത്തി കേസെടുത്തിട്ടുണ്ട്. വ്ലോഗര്‍ കൂടിയായ നിയാസിന് ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *