ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിശ്രമം, ഉസ്ബെക്കിസ്ഥാനിലേക്ക് ഇല്ല

റിയാദ്: കഴിഞ്ഞ മത്സരത്തിൽ 15 മിനിറ്റിൽ ഹാട്രിക് നേടിയ തകർപ്പൻ പ്രകടനത്തിന് പിന്നാലെ അ‌ൽ നസർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിശ്രമം. ഇന്ന് നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ലീഗ് എലൈറ്റ് (AFC Champions League Elite) മത്സരത്തിൽ അ‌ൽ നസർ ടീമിൽ റോണോ ഉൾപ്പെട്ടിട്ടില്ല. ഉസ്ബെക്കിസ്ഥാനിലാണ് ഇന്നത്തെ എഎഫ്സി മത്സരം, അ‌തിനാലാണ് റോണോയ്ക്ക് വിശ്രമം അ‌നുവദിച്ചത്. താഷ്‌കന്റിൽ വെച്ച് പാക്തക്കോറിനെതിരെ നടക്കുന്ന മത്സരത്തിനുള്ള അ‌ൽ നസർ ട്രാവലിംഗ് സ്ക്വാഡിൽ റൊണാൾഡോയെ ഉൾപ്പെടുത്തിയിട്ടില്ല, സ്ക്വാഡിൽ ഉൾപ്പെട്ട ടീമംഗങ്ങൾ ഇതിനകം പുറപ്പെട്ടിട്ടുണ്ട്.

1000 കരിയർ ഗോളുകൾ എന്ന ചരിത്ര ലക്ഷ്യത്തിലേക്ക് കുതിക്കുന്ന റൊണാൾഡോയ്ക്ക് ഒരു മത്സരം നഷ്ടമായത് ആരാധകർക്ക് നിരാശയുണ്ട്. എന്നാൽ, തീവ്രമായ മത്സരക്രമങ്ങളും യാത്രാക്ലേശവും കാരണം പ്രധാന താരങ്ങൾ തളരുന്നത് ഒഴിവാക്കാനും വരാനിരിക്കുന്ന പ്രധാന മത്സരങ്ങൾക്കായി അവരെ ഫ്രഷ് ആയി നിലനിർത്താനുമാണ് മാനേജർ ആഞ്ച് പോസ്റ്റെകോഗ്ലുവിന്റെ (Ange Postecoglou) തീരുമാനം.

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മാത്രമല്ല ഫ്രഞ്ച് താരങ്ങളായ കിംഗ്സ്ലി കോമാൻ, മൊഹമ്മദ് സിമാക്കാൻ തുടങ്ങിയ പ്രമുഖർക്കും അ‌ൽ നസർ വിശ്രമം നൽകിയിട്ടുണ്ട്. അ‌ൽ നസറിന്റെ ഈ നീക്കം തിരിച്ചടിയായത് യഥാർഥത്തിൽ ഉസ്ബെക്കിസ്ഥാനിലെ ഫുട്ബോൾ ആരാധകർക്കാണ്, റോണോയുടെ കളി കാണാനുള്ള അ‌വസരമാണ് അ‌വർക്ക് നഷ്ടമായിരിക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ റൊണാൾഡോയുടെ ഹാട്രിക് മികവിലാണ് അ‌ൽ നസർ എതിരാളികളെ 5-2ന് തകർത്തത്. എന്നാൽ റൊണാൾഡോയും മറ്റ് പ്രമുഖ താരങ്ങളും ഇല്ലാതെ ഇറങ്ങുന്ന അൽ നസർ ഈ എവേ മത്സരത്തെ എങ്ങനെ നേരിടും എന്ന് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നു. എന്നാൽ കോച്ചും മാനേജ്മെന്റും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്.

കഴിഞ്ഞ മത്സരത്തിലെ ഹാട്രിക് നേട്ടത്തോടെ ക്രിസ്റ്റ്യാനോയുടെ കരിയർ ഗോളുകളുടെ എണ്ണം 985 ആയി ഉയർന്നു. ഇനി വെറും 15 ഗോളുകൾ കൂടി നേടിയാൽ 1000 കരിയർ ഗോളുകൾ സ്വന്തമാക്കുന്ന ലോകത്തെ ആദ്യ ഫുട്ബോൾ താരം എന്ന ചരിത്രം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാകും. അ‌തിനായുള്ള കാത്തിരുപ്പിലാണ് റോണോ ആരാധകർ.

നവംബർ പകുതിയോടെ റോണോ പോർചുഗൽ ദേശീയ ടീമിലേക്ക് മടിങ്ങിയെത്തും എന്ന് റിപ്പോർട്ടുകളുണ്ട്. പരിശീലകനുമായുള്ള ഭിന്നതയെ തുടർന്ന് അനുവാദമില്ലാതെ ദേശീയ ടീം ക്യാമ്പ് വിട്ട സംഭവത്തിൽ റൊണാൾഡോയ്ക്ക് പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ 30 ദിവസത്തെ വിലക്കും പിഴയും ചുമത്തിയിരുന്നു. ഈ സസ്പെൻഷൻ കാലാവധി അ‌വസാനിക്കുന്ന സാഹചര്യത്തിലാണ് ദേശീയ ടീമിലേക്കുള്ള റോണോയുടെ തിരിച്ചുവരവും ചർച്ചയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *