
കരിപ്പൂർ (മലപ്പുറം): കടത്തിക്കൊണ്ടുവന്ന 102 പവനുമായി ഇരുപത്തിയേഴുകാരി; അതു തട്ടിയെടുക്കാൻ മറ്റൊരു സംഘം; ഇരുകൂട്ടരും പരസ്പരം ആക്രമിച്ചപ്പോൾ പൊലീസ് എത്തിയതോടെ കൂട്ട ഏറ്റുമുട്ടൽ; ഒടുവിൽ 4 പേർ പിടിയിൽ. കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെയാണു നാടകീയ സംഭവങ്ങൾ. പൊലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിക്കാൻ ശ്രമിച്ച 4 പേർ കടന്നുകളഞ്ഞു.
എമർജൻസി ലാംപിൽ ഒളിപ്പിച്ച 816 ഗ്രാം സ്വർണവുമായി ബഹ്റൈനിൽനിന്നു ഷാർജ വഴി കോഴിക്കോട്ടു വിമാനമിറങ്ങിയ ഇടുക്കി വണ്ടൻമേട് സ്വദേശിനി അഭിരാമി (27), ഇവരെ കൂട്ടിക്കൊണ്ടുപോകാനെത്തിയ എറണാകുളം മൂവാറ്റുപുഴ സ്വദേശി ഹർഷൽ (40) എന്നിവരെ പിടികൂടി കസ്റ്റംസിനു കൈമാറി. സ്വർണം കവരാനെത്തിയ കോഴിക്കോട് നാദാപുരം കല്ലാച്ചി സ്വദേശികളായ പി.പി.ബവിലേഷ് (40), പി.സായന്ത് (28) എന്നിവരെ അറസ്റ്റ് ചെയ്തു.
എമർജൻസി ലാംപിലെ ബാറ്ററി കെയ്സിനുള്ളിൽ 14 ചെറുഷീറ്റുകളായി അടുക്കിയ സ്വർണം കസ്റ്റംസ് ചെക്കിങ്ങിൽ കണ്ടെത്തിയിരുന്നില്ല. ഒരു കോടിയിലേറെ രൂപ വില കണക്കാക്കുന്ന സ്വർണം, കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ് അഭിരാമിക്കു കൈമാറിയതെന്നാണു വിവരം. അഭിരാമിയും ഹർഷലും വിമാനത്താവളത്തിലെ പാർക്കിങ് ഏരിയയിൽ എത്തിയപ്പോഴാണ്, ബവിലേഷും സംഘവും ആക്രമിച്ചതും സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചതും.
ഇവരെ നിരീക്ഷിച്ചുകൊണ്ടിരുന്ന പൊലീസ് ഉടൻ ഇടപെട്ടു. തള്ളിമാറ്റി ഓടാൻ ശ്രമിച്ച സംഘാംഗങ്ങൾ, ഹോം ഗാർഡിന്റെ കയ്യിൽ കടിച്ചുപരുക്കേൽപിച്ചു. ഇതിനിടെ, പൊലീസുകാരെ കാറിടിപ്പിക്കാനും ശ്രമിച്ചു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളും കരിപ്പൂർ പൊലീസും ചേർന്നാണ് സംഘത്തെ നേരിട്ടത്.
