
ബെംഗളൂരു: സ്വന്തം ഭാര്യയെയും ആറ് ബന്ധുക്കളെയും കൊലപ്പെടുത്തി മൃതദേഹങ്ങൾ കർണാടകയിലെ വിവിധ ഭാഗങ്ങളിലായി ഉപേക്ഷിച്ച് ക്യാബ് ഡ്രൈവർ. കൊലപാതകങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ ഉപേക്ഷിക്കാനുള്ള യാത്രയിൽ ബന്ധുവായ 11 വയസ്സുകാരനെ ഇയാൾ വിനോദയാത്രയെന്ന് വിശ്വസിപ്പിച്ച് കൂടെകൂട്ടി. കേസിൽ ഇന്ദുശേഖർ എന്ന് വിളിക്കുന്ന ശേഖർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഭാര്യ സുനിത, ഭാര്യാമാതാവ് രൂപാവതി, ഭാര്യാസഹോദരന്മാരായ ശങ്കർ, ശിവകുമാർ, ഇവരുടെ ഭാര്യമാരായ നളിനി, ദിവ്യ, ശിവകുമാർ-ദിവ്യ ദമ്പതികളുടെ ഏഴ് വയസ്സുള്ള മകൻ പുനീത് എന്നിവരാണ് കൊല്ലപ്പെട്ടത്. ശങ്കർ-നളിനി ദമ്പതികളുടെ 11 വയസ്സുള്ള മകനെയാണ് ഇയാൾ മൃതദേഹങ്ങൾ ഉപേക്ഷിക്കാനായി കാറിൽ വിനോദയാത്രയെന്ന വ്യാജേന കൂടെ കൂട്ടിയത്. കൊല്ലപ്പെട്ട ഏഴ് വയസ്സുകാരനായ പുനീതിൻ്റെ മൃതദേഹം നന്ദി ഹിൽസിന് സമീപത്ത് നിന്ന് പോലീസ് കണ്ടെടുത്തു. ബാക്കി ആറ് മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
മൊഴിയായി 11-കാരൻ്റെ വാക്കുകൾ
പ്രതിയെ അറസ്റ്റ് ചെയ്യുമ്പോൾ കാറിലുണ്ടായിരുന്ന 11-കാരനെ പോലീസ് രക്ഷപ്പെടുത്തി. താൻ അമ്മാവൻ്റെ കൂടെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ദക്ഷിണ കന്നഡയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം, ധർമ്മസ്ഥല, ശൃംഗേരി എന്നിവിടങ്ങളിൽ പോയതായി കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. “അച്ഛനെയും അമ്മയെയും കുറിച്ച് ചോദിച്ചപ്പോൾ അമ്മാവൻ വിഷയം മാറ്റി. നമ്മൾ ഒരു ട്രിപ്പ് പോവുകയാണെന്ന് പറഞ്ഞൂ. യാത്രയ്ക്കിടയിൽ അദ്ദേഹം വലിയ പ്ലാസ്റ്റിക് കവറുകൾ കാറിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയുന്നുണ്ടായിരുന്നു. അതെന്താണെന്ന് ചോദിച്ചപ്പോൾ മാലിന്യമാണെന്നാണ് പറഞ്ഞത്,” കുട്ടി വ്യക്തമാക്കി.

കൊലപാതക പരമ്പര ഇങ്ങനെ
ആദ്യം ഭാര്യ സുനിതയെയാണ് പ്രതി കൊലപ്പെടുത്തിയത്. അരകല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചായിരുന്നു കൊലപാതകം. തുടർന്ന് മൃതദേഹം നന്ദി ഹിൽസിന് സമീപം ഉപേക്ഷിച്ചു. സുനിതയുടെ ഫോൺ ഓഫാക്കിയ ശേഷം അവർ വിനോദയാത്രയ്ക്ക് പോയതാണെന്ന് അയൽവാസികളെ വിശ്വസിപ്പിച്ചു. പിറ്റേദിവസം ഭാര്യാസഹോദരന്മാരെയും അവരുടെ കുടുംബങ്ങളെയും വീട്ടിലേക്ക് വിളിച്ചുവരുത്തി അവരെയും കൊലപ്പെടുത്തുകയായിരുന്നു.
കൊല്ലപ്പെട്ടവരുടെ ഫോണുകൾ ഉപയോഗിച്ച് ബന്ധുക്കൾക്ക് സന്ദേശങ്ങൾ അയക്കാനും ഫോൺ കോളുകൾ അറ്റൻഡ് ചെയ്യാനുമാണ് പ്രതി 11-കാരനെ കൂടെ കൂട്ടിയത്. കുടുംബം മുഴുവൻ അഖിലേന്ത്യാ യാത്രയിലാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാനായിരുന്നു ഈ നീക്കം. ബെംഗളൂരുവിലേക്ക് മടങ്ങിയെത്തിയ ശേഷം ഈ കുട്ടിയെയും കൊലപ്പെടുത്താനായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് പോലീസ് സംശയിക്കുന്നു. നവംബർ മൂന്നിന് നളിനിയുടെ അമ്മ ശ്രീറാംപുര പോലീസ് സ്റ്റേഷനിൽ നൽകിയ മിസ്സിംഗ് കേസാണ് വഴിത്തിരിവായത്.
കാണാതായവരുടെ ഫോൺ ലൊക്കേഷനുകളും ഇന്ദുശേഖറിൻ്റെ ലൊക്കേഷനും ഒന്നാണെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് ബെംഗളൂരുവിലേക്ക് മടങ്ങുന്നവഴി ഹലസൂരിൽ വെച്ച് പോലീസ് കാർ തടഞ്ഞു. കാറിനുള്ളിൽ രൂക്ഷഗന്ധം ഉണ്ടായിരുന്നു. പരിശോധനയിൽ കൊല്ലപ്പെട്ട എല്ലാവരുടെയും ഫോണുകൾ ഒരു കവറിലാക്കി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് പ്രതി പിടിയിലാകുന്നത്. കൊലപാതകത്തിൽ ഇന്ദുശേഖറിൻ്റെ പ്രായപൂർത്തിയാകാത്ത മകൾക്ക് പങ്കുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
