
കാക്കനാട്: കൊച്ചിയില്‍ ഡോക്ടറെ മർദിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. യുവനടി അതുല്യ, ബിപിൻ പെരുമ്പിള്ളി, ഇവരുടെ സുഹൃത്ത് വിഷ്ണു എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം ജില്ല കോടതി തള്ളിയത്.
രോഗിയെ ചികിത്സിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി മര്‍ദിച്ചെന്നായിരുന്നു പരാതി. ഡോക്ടറുടെ മൊബൈല്‍ ഫോണുകളും വാച്ചും സംഘം കവര്‍ന്നെന്നും പരാതിയിലുണ്ട്. പിന്നാലെയാണ് നടി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് കോടതിയിൽ അറിയിച്ചു. ഇത് അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
ഉടൻ തന്നെ കടവന്ത്ര പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും. 12 പേരടങ്ങുന്ന സംഘം തന്നെ മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർ പരാതി നൽകിയത്. അതേസമയം യുവനടിയുടെ ബന്ധുവിനെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ഡോ. ജോൺസൺ കെ. വര്‍ഗീസിനായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. കേസിന് പിന്നാലെ സ്വകാര്യ ആശുപത്രിയിൽ നിന്നും പിരിച്ചുവിട്ട ഡോക്ടർ ഒളിവിലാണ്. ഇയാളുടേതായി പൊലീസ് പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽ സ്ത്രീകളുടേതായി 40 ലധികം സ്വകാര്യ വിഡിയോ ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ആക്രമണത്തിനിരയായ 41കാരനായ ഡോക്ടർക്കെതിരെ നടിയുടെ അടുത്ത ബന്ധു നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പൊലീസാണ് ബലാത്സംഗത്തിന് കേസെടുത്തത്.
മദ്യം കഴിപ്പിച്ച് അവശയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. ഇൻഫോ പാർക്ക് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ മാസം ഇൻഫോപാർക്കിനടുത്തുള്ള ഹോട്ടലിൽ വെച്ച് മദ്യം നൽകിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതി നൽകിയിരിക്കുന്നത്. തന്റെ ചിത്രങ്ങൾ ഇയാൾ പകര്‍ത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു.
അതേസമയം, തുടക്കത്തിൽ ഉയർന്ന ഹണിട്രാപ്പ് സാധ്യതകൾ പൊലീസ് തള്ളി. നടിയുടെ ബന്ധുവായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഡോക്ടറുടെ ഫോണിൽനിന്ന് നീക്കം ചെയ്യാനാണ് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ടാണ് ഡോക്ടറെ പൊന്നുരുന്നിയിലെ ഫ്ലാറ്റിലേക്ക് എത്തിച്ചത്. തുടർന്ന് ആക്രമിക്കുകയും രണ്ടു ഫോണുകൾ, സ്മാർട്ട് വാച്ച്, ഇയർപോഡ് എന്നിവ കൈക്കലാക്കുകയുമായിരുന്നു. കേസിൽ ഇനി ഒമ്പത് പേർ കൂടി ഇനി പിടിയിലാകാനുണ്ട്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ മാത്രമേ സംഭവത്തിലെ ദുരൂഹതകൾ പൂർണമായി നീങ്ങുകയുള്ളൂ.
