ബെംഗളൂരുവിലെ യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നമ്മ മെട്രോ ബ്ലൂ ലൈന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഇനിയും കാത്തിരിക്കണം. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡില്‍ നിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ട് മെട്രോ യാത്ര സാധ്യമാക്കുന്ന പാത പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകുന്നത് 2028 മാര്‍ച്ചിലായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നേരത്തെ 2027 ഡിസംബറോടെ പദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇതില്‍ മൂന്ന് മാസത്തെ കാലതാമസമാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.
ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) നടപ്പാക്കുന്ന ബ്ലൂ ലൈന്‍ പദ്ധതിക്ക് ഏകദേശം 58 കിലോമീറ്റര്‍ നീളമുണ്ട്. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡില്‍ നിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെയാണ് പാത. കെആര്‍ പുരം, നാഗവാര, ഹെബ്ബാള്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലൂടെയാണ് മെട്രോ കടന്നുപോകുന്നത്.
മൂന്ന് ഘട്ടങ്ങളിലായാണ് പാത പ്രവര്‍ത്തനസജ്ജമാക്കുക. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്-കെആര്‍ പുരം പാതയില്‍ 2027 മധ്യത്തോടെ വാണിജ്യ സര്‍വീസുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഹെബ്ബാള്‍-കെംപെഗൗഡ വിമാനത്താവളം ഭാഗം 2027 സെപ്റ്റംബറോടെ പൂര്‍ത്തിയാക്കാനാണ് പദ്ധതി. കെആര്‍ പുരം-ഹെബ്ബാള്‍ ഭാഗം 2027 ഡിസംബര്‍ മുതല്‍ 2028 മാര്‍ച്ച് വരെയുള്ള കാലയളവില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
ബല്ലാരി റോഡില്‍ 18 മാസത്തെ ഗതാഗത നിയന്ത്രണം
മെട്രോ പദ്ധതിക്കൊപ്പം വിമാനത്താവള റോഡിലും മറ്റൊരു നിര്‍മാണപ്രവര്‍ത്തനം യാത്രക്കാരെ ബാധിക്കും. ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഹെബ്ബാളിന് സമീപം ആനന്ദ്‌നഗര്‍ മുതല്‍ മെഹ്ക്രി സര്‍ക്കിള്‍ വരെ 1.7 കിലോമീറ്റര്‍ നീളത്തില്‍ നാല് വരി മേല്‍പ്പാലം നിര്‍മിക്കുന്നുണ്ട്. 18 മാസമാണ് നിര്‍മാണത്തിന് കണക്കാക്കിയിരിക്കുന്ന കാലയളവ്.
യുഎഎസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് മുതല്‍ മെഹ്ക്രി സര്‍ക്കിള്‍ വരെയുള്ള ഭാഗത്താണ് നിയന്ത്രണം. ലൈറ്റ്, മീഡിയം, ഹെവി വിഭാഗങ്ങളിലുള്ള ചരക്കുവാഹനങ്ങള്‍ക്ക് ഈ റോഡിലൂടെ സഞ്ചരിക്കാന്‍ അനുമതിയുണ്ടാകില്ല. കെഎസ്ആര്‍ടിസി ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും നിയന്ത്രണമുണ്ട്. എന്നാല്‍ കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും സ്‌കൂള്‍ ബസുകള്‍ക്കും ഇതുവഴി യാത്ര തുടരാം.
ഗതാഗത നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ബെംഗളൂരു ട്രാഫിക് പൊലീസ് ബദല്‍ യാത്രാമാര്‍ഗങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ ഓള്‍ഡ് ഹൈ ഗ്രൗണ്ട്‌സ് ജങ്ഷന്‍, കല്‍പന ജങ്ഷന്‍, ഓള്‍ഡ് ഉദയ ടിവി ജങ്ഷന്‍, കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷന്‍, ടാനറി റോഡ്, നാഗവാര റോഡ് എന്നിവ വഴി യാത്ര ചെയ്യാം.
വിമാനത്താവളത്തില്‍ നിന്ന് നഗരത്തിലേക്ക് വരുന്നവര്‍ക്ക് നാഗവാര ജങ്ഷന്‍, ബാംബൂ ബസാര്‍, ക്വീന്‍സ് റോഡ് വഴിയും ഹെബ്ബാള്‍ റിങ് റോഡ്, കുവെമ്പു സര്‍ക്കിള്‍, ഗൊരഗുണ്ടെപാളയ ജങ്ഷന്‍ വഴിയും യാത്ര ചെയ്യാം. ഹെബ്ബാളില്‍ നിന്ന് നഗരത്തിലേക്ക് പോകുന്നവര്‍ ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് മുന്നിലുള്ള സര്‍വീസ് റോഡ് ഉപയോഗിച്ച് സിബിഐ ജങ്ഷനിലേക്ക് പോകാനും നിര്‍ദേശമുണ്ട്.
