
ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ രാജ്യതലസ്ഥാനത്ത് വായുമലിനീകരണ തോത് ഇന്ന് രാവിലെ വളരെ ഗുരുതരമായ അവസ്ഥയിൽ. വായു മലിനീകരണ സൂചിക (എക്യുഐ) 376ലാണുള്ളത്. ഡൽഹിയിൽ പല ഭാഗങ്ങളിലും എക്യുഐ 400ന് മുകളിലാണ്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ പടക്കങ്ങളുടെ ഉപയോഗം മോശം വായുവിന്റെ അളവ് ഏറെ വർദ്ധിപ്പിച്ചു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ സമീർ ആപ്പ് പ്രകാരമാണ് എക്യുഐ 376ആണെന്ന് തിരിച്ചറിഞ്ഞത്.
സോണിയ വിഹാറിൽ 449, ബുരാരി ക്രോസിംഗിൽ 445, വിവേക് വിഹാറിൽ 441, ജഹാംഗീർപുരിയിൽ 439, ഡൽഹി സർവകലാശാലയിൽ 437, രോഹിണിയിൽ 435 എന്നിങ്ങനെയാണ് കണക്ക്. നിലവിൽ വായു ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിലാണ് ഉള്ളത്.
ജനങ്ങളോട് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങേണ്ടെന്നും ഔട്ട്ഡോർ വ്യായാമവും പരിശീലനവും വേണ്ടെന്നും പുറത്തിറങ്ങിയാൽ എൻ95 മാസ്ക് ധരിക്കണമെന്നും പുറത്തെ മലിനീകരണം വീടിനകത്ത് കയറാതിരിക്കാൻ ജനലും വാതിലുമടയ്ക്കാൻ ശ്രദ്ധിക്കണം. ശ്വാസതടസം, അസ്വസ്ഥത ഇവയൊക്കെയുണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം എന്നെല്ലാം അധികൃതർ മുന്നറിയിപ്പ് നൽകി.
