വിനോദസഞ്ചാരത്തിനായി കൊച്ചിയിലെത്തി കേരളത്തെ സംബന്ധിച്ച് വിദ്വേഷ പരാമർശം നടത്തിയ കേസിൽ പ്രധാനമന്ത്രിയോടും അമിത് ഷായോടും സഹായഭ്യയർഥനയുമായി യൂടൂബർ അമൃത് സിങ് ഡാരന്‍

കൊച്ചി: വിനോദസഞ്ചാരത്തിനായി കൊച്ചിയിലെത്തി കേരളത്തെ സംബന്ധിച്ച് വിദ്വേഷ പരാമർശം നടത്തിയ കേസിൽ പ്രധാനമന്ത്രിയോടും അമിത് ഷായോടും സഹായഭ്യയർഥനയുമായി യൂടൂബർ അമൃത് സിങ് ഡാരന്‍. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഹായിക്കണമെന്ന് ബി.ജെ.പി നേതാക്കളോട് ആവശ്യപ്പെടണമെന്ന് പറയുന്ന പുതിയൊരു വിഡിയോ ആണ് വിവാദ യൂടൂബർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. സംഭവം നടന്ന് ആഴ്ചകള്‍ക്കു ശേഷമാണ് പിന്തുണ തേടി ഡാരന്‍ രംഗത്തെത്തിയത്.

തന്റേതായ അഭിപ്രായമാണ് അന്ന് പറഞ്ഞതെന്നും അതിനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും തന്‍റെ കുടുംബം ബി.ജെ.പിയെയും ആർ.എസ്.എസിനെയും പിന്തുണയ്ക്കുന്നവരായിട്ടും ഒരാളും പിന്തുണച്ചില്ലെന്നും വിഡിയോയിൽ പറയുന്നു.

താൻ കേരളത്തില്‍ ടൂറിസ്റ്റായി പോയിരുന്നു. ഒരു ചോദ്യം ചോദിച്ചതിന് എനിക്കെതിരെ അവർ എന്റെ മേൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അവിടുത്തെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ചാനലുകളും എനിക്കെതിരെ തിരിഞ്ഞു. ഇന്ത്യയില്‍ ജിന്നയുടെ ചിത്രം എന്തിനാണെന്നും കാശി എന്ന് പേരുള്ള കഫേയില്‍ എന്തിനാണ് ബീഫ് വിളമ്പുന്നതെന്നുമാണ് ചോദിച്ചതെന്നും വിഡിയോയിൽ പറഞ്ഞു. കേരളത്തോട് തനിക്ക് അടുപ്പവും ഇഷ്ടവുമുണ്ട്. കേരളത്തിലുള്ളവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാമെന്നും തന്‍റെ വിഷയം അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെതാണെന്നും ഇയാള്‍ വിഡിയോയില്‍ പറയുന്നു.

‘ഞാനിന്ന് ഒറ്റക്കാണ്. ശാരീരികമായും മാനസികമായും സാമ്പത്തികമായും ആരും പിന്തുണയ്ക്കുന്നില്ല. കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതെല്ലാം നിങ്ങള്‍ക്ക് ചെറിയ കാര്യങ്ങളാണ്. നിങ്ങളുടെ പാര്‍ട്ടിയിലുള്ള ആരോടെങ്കിലും ഇക്കാര്യത്തില്‍ ശ്രദ്ധിക്കാന്‍ പറയൂ. എനിക്ക് നിങ്ങളുടെ പിന്തുണ അത്യാവശ്യമാണ്. വളരെ നന്ദി, ജയ് ഹിന്ദ്, ഹർ ഹർ മഹാദേവ്’ -എന്ന് പറഞ്ഞാണ് സന്ദേശം അവസാനിക്കുന്നത്.

കഴിഞ്ഞ മാസമായിരുന്നു ഫോർട്ട് കൊച്ചിയിലെത്തിയപ്പോൾ അമൃത് സിങ് ഡാരന്‍ വിദ്വേഷ പരാമർശം നടത്തിയത്. അതിനെതിരെ ഫോർട്ട് കൊച്ചി പൊലീസാണ് നടപടി സ്വീകരിച്ചിരുന്നത്. മതവിദ്വേഷം വളർത്താനും ക്രമസമാധാനം തകർക്കാനും ശ്രമിച്ചെന്നാണ് കേസ്. ഭാരതീയ ന്യായ സംഹിതയിലെ 353(2), 192 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ എഫ്.ഐ.ആർ ഇട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *