
ഇന്ത്യന്‍ സൈന്യത്തില്‍ ഓഫീസറാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരം. ആര്‍മി കേഡറ്റ് കോളേജിന്റെ (എസിസി) 2027 ജനുവരി സെഷനിലേക്കുള്ള കോമണ്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് (എന്‍ടിഎ) പരീക്ഷ നടത്തുന്നത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് പ്രവേശന നടപടികള്‍.
നവംബര്‍ 6ന് ആരംഭിച്ച ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ നവംബര്‍ 30ന് രാത്രി 9 മണിക്ക് അവസാനിക്കും. പരീക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന സമയം നവംബര്‍ 30ന് രാത്രി 11.50 വരെയാണ്. നിശ്ചിത സമയത്തിനുള്ളില്‍ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് പിഴയോടെ അപേക്ഷിക്കാനും അവസരമുണ്ട്. ഡിസംബര്‍ 1 മുതല്‍ 3 വരെ 500 രൂപ അധിക പിഴയോടെ അപേക്ഷ സമര്‍പ്പിക്കാം. ഈ കാലയളവില്‍ ഫീസ് അടയ്ക്കാനുള്ള അവസാന സമയം ഡിസംബര്‍ 3ന് രാത്രി 11.50 ആണ്.
പരീക്ഷ ജനുവരി 4ന്
എന്‍ടിഎയുടെ അറിയിപ്പ് പ്രകാരം 2027 ജനുവരി 4നാണ് എസിസി പ്രവേശന പരീക്ഷ നടത്തുന്നത്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായിരിക്കും (സിബിടി). മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളടങ്ങിയ പരീക്ഷയ്ക്ക് മൂന്ന് മണിക്കൂറാണ് ദൈര്‍ഘ്യം. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് പരീക്ഷ. ഡിസംബര്‍ 21ന് പരീക്ഷാ നഗരം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. ഡിസംബര്‍ 28 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
ജനറല്‍, ഒബിസി, ഒബിസി-എന്‍സിഎല്‍ വിഭാഗക്കാര്‍ 1,150 രൂപയാണ് അപേക്ഷാ ഫീസായി നല്‍കേണ്ടത്. എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് 950 രൂപയാണ് ഫീസ്. വൈകി അപേക്ഷിക്കുന്നവര്‍ ഈ തുകയ്ക്ക് പുറമെ 500 രൂപ കൂടി അടയ്ക്കണം.
അപേക്ഷയില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്താന്‍ എന്‍ടിഎ അവസരം നല്‍കുന്നുണ്ട്. ഡിസംബര്‍ 4 മുതല്‍ 6 വരെയാണ് അപേക്ഷാ ഫോമിലെ വിവരങ്ങള്‍ തിരുത്താന്‍ കഴിയുക.
അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഓണ്‍ലൈന്‍ വഴി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ. ഓരോ ഉദ്യോഗാര്‍ഥിക്കും ഒരു അപേക്ഷ മാത്രമേ സമര്‍പ്പിക്കാന്‍ കഴിയൂ. അപേക്ഷാ നടപടികള്‍ക്കായി ആര്‍മി എജ്യുക്കേഷന്‍ ഡയറക്ടറേറ്റില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത അതേ മൊബൈല്‍ നമ്പര്‍ ഉപയോഗിക്കണമെന്ന് എന്‍ടിഎ നിര്‍ദേശിച്ചിട്ടുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ ഈ നമ്പറിലേക്കും ഇമെയില്‍ വിലാസത്തിലേക്കുമാണ് അയയ്ക്കുക.
അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് എല്ലാ വിവരങ്ങളും കൃത്യമായി പരിശോധിക്കണം. അന്തിമമായി സമര്‍പ്പിച്ച ശേഷം മാറ്റങ്ങള്‍ അനുവദിക്കില്ല. രജിസ്‌ട്രേഷന്‍ നടപടികള്‍ സുഗമമാക്കാന്‍ ആധാര്‍ വെരിഫിക്കേഷന്‍ ഉപയോഗിക്കാനും എന്‍ടിഎ നിര്‍ദേശിച്ചിട്ടുണ്ട്.
