
ന്യൂഡൽഹി: വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ട്രെയിനുകളിൽ തത്കാൽ ടിക്കറ്റ് ബുക്കിങ് സൗകര്യം ഉണ്ടായിരിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി. യാത്രക്കാർക്ക് അഡ്വാൻസ് റിസർവേഷൻ പിരീഡ് (എ.ആർ.പി) വഴി മുൻകൂട്ടി മാത്രമേ ടിക്കറ്റുകൾ റിസർവ് ചെയ്യാൻ സാധിക്കൂ. യാത്രകൾ നേരത്തെ പ്ലാൻ ചെയ്യുന്നവർക്ക് കൂടുതൽ സീറ്റുകൾ ഉറപ്പാക്കാനാണ് തത്കാൽ ഒഴിവാക്കിയതെന്ന് നോർത്ത് സെൻട്രൽ റെയിൽവേ (എൻ.സി.ആർ) ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ (സി.പി.ആർ.ഒ) ഡോ. ശിവം ശർമ അറിയിച്ചു.
നിലവിൽ രാജ്യത്ത് സർവീസ് നടത്തുന്ന 27575/27576 ഹൗറ – കാമാഖ്യ – ഹൗറ വന്ദേ ഭാരത് സ്ലീപ്പർ, 27421/27422 വാരണാസി – ന്യൂഡൽഹി – വാരണാസി വന്ദേ ഭാരത് സ്ലീപ്പർ, 27651/27652 എസ്.എം.വി.ടി ബെംഗളൂരു – സി.എസ്.എം.ടി മുംബൈ – എസ്.എം.വി.ടി ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ എന്നീ മൂന്ന് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾക്കും ഈ നിയമം ബാധകമാണ്.
റെയിൽവേ ബോർഡിന്റെ പുതിയ നിബന്ധനകൾ പ്രകാരം കൺഫേംഡ് (Confirmed) ടിക്കറ്റ് ഉള്ള യാത്രക്കാരെ മാത്രമേ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ കയറാൻ അനുവദിക്കൂ. ആർ.എ.സി (RAC), വെയ്റ്റിങ് ലിസ്റ്റ് (Waitlisted) അല്ലെങ്കിൽ ഭാഗികമായി മാത്രം കൺഫേം ആയ ടിക്കറ്റുകളുള്ള യാത്രക്കാർക്ക് ഈ ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുമതിയുണ്ടാകില്ല.
അവസാന നിമിഷങ്ങളിൽ യാത്ര മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്താൽ ടിക്കറ്റ് തുക മുഴുവനായി തിരികെ ലഭിക്കില്ല. റെയിൽവേ ബോർഡ് പുറപ്പെടുവിച്ച ടിക്കറ്റ് റദ്ദാക്കൽ നിയമങ്ങൾ താഴെ പറയുന്നവയാണ്:
കാൻസലേഷൻ ചാർജ് / റീഫണ്ട് വ്യവസ്ഥ
- ട്രെയിൻ പുറപ്പെടുന്നതിന് 72 മണിക്കൂറിലധികം മുമ്പ് ടിക്കറ്റ് കാൻസൽ ചെയ്താൽ ടിക്കറ്റ് നിരക്കിന്റെ 25% കാൻസലേഷൻ ചാർജ് ഈടാക്കും.
- ട്രെയിൻ പുറപ്പെടുന്നതിന് 72 മണിക്കൂർ മുതൽ 8 മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് നിരക്കിന്റെ 50% കാൻസലേഷൻ ചാർജ് ഈടാക്കും
- ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂറിൽ കുറവ് സമയം മാത്രം ബാക്കിയുള്ളപ്പോൾ യാതൊരുവിധ റീഫണ്ടും ലഭിക്കില്ല.
ട്രെയിനിന്റെ സവിശേഷതകളും സീറ്റ് ശേഷിയും
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ (ഐ.സി.എഫ്) സാങ്കേതിക വിദ്യയിൽ ബംഗളൂരുവിലെ ബി.ഇ.എം.എൽ വികസിപ്പിച്ചെടുത്ത ഈ സെമി ഹൈസ്പീഡ് ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ്. 11 എസി 3-ടയർ, 4 എസി 2-ടയർ, 1 ഫസ്റ്റ് എസി കോച്ചുകൾ ഉൾപ്പെടെ ആകെ 16 കോച്ചുകളാണ് സ്ലീപ്പർ ട്രെയിനുകളിൽ ഉള്ളത്. അതിൽ എസി 3-ടയറിൽ 611 സീറ്റുകൾ, എസി 2-ടയറിൽ 188 സീറ്റുകൾ, ഫസ്റ്റ് എസിയിൽ 24 സീറ്റുകൾ എന്നിങ്ങനെ ആകെ 823 യാത്രക്കാരെ ഉൾക്കൊള്ളും.
