‘അമ്മ പ്രധാനമന്ത്രിയാകരുത്’; രാഹുലിന്റെയും പ്രിയങ്കയുടെയും എതിർപ്പ് തുറന്നുപറഞ്ഞ് സോണിയ ഗാന്ധി

ന്യൂഡൽഹി: 2004-ൽ കോൺഗ്രസ് നേതാക്കളും സഖ്യകക്ഷികളും ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി പദം ഏറ്റെടുക്കാതിരുന്നതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ വെളിപ്പെടുത്തി സോണിയ ഗാന്ധി. തന്റെ പുതിയ ആത്മകഥയായ ‘ബിലോങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കുന്നത്. അധികാരത്തോടുള്ള വിമുഖതയും കുടുംബപരമായ ദുരന്തങ്ങളും രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ആ വലിയ തീരുമാനത്തിലേക്ക് നയിച്ചതെന്ന് സോണിയ കുറിപ്പിൽ പറയുന്നു.

തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കുമുമ്പ് തന്നെ പ്രധാനമന്ത്രി പദം ഏറ്റെടുക്കുന്നതിനെക്കുറിച്ച് മക്കളായ രാഹുൽ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും സംസാരിച്ചിരുന്നുവെന്ന് സോണിയ പറയുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചാൽ പ്രധാനമന്ത്രിയാകുമോ എന്ന മക്കളുടെ ചോദ്യത്തിന് ‘ഒരിക്കലുമില്ല’ എന്നായിരുന്നു തന്റെ മറുപടി. ഇന്ദിരാ ഗാന്ധിയുടെ കൊലപാതകവും പിതാവ് രാജീവ് ഗാന്ധിയുടെ വധവും നേരിട്ട മക്കൾക്ക് പ്രധാനമന്ത്രി പദം വലിയ സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട ഒന്നായിരുന്നു. അതുകൊണ്ടുതന്നെ താൻ ആ പദവി ഏറ്റെടുക്കില്ലെന്ന നിലപാട് അറിയിച്ചപ്പോൾ ഇരുവർക്കും ആശ്വാസമായെന്നും സോണിയ ഓർത്തെടുക്കുന്നു.

എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഈ നിലപാട് പരസ്യപ്പെടുത്തിയില്ല. കോൺഗ്രസിനെ ഒറ്റക്കെട്ടായി നിർത്തുകയും തെരഞ്ഞെടുപ്പിൽ വിജയിക്കുകയുമായിരുന്നു അന്നത്തെ പ്രധാന ലക്ഷ്യം. പ്രധാനമന്ത്രി പദത്തെച്ചൊല്ലി പാർട്ടിക്കുള്ളിൽ അധികാരത്തർക്കം ഉണ്ടാകാൻ അനുവദിക്കരുതെന്ന് കരുതിയതിനാൽ ഏറ്റവും അടുത്ത സഹപ്രവർത്തകരോടുപോലും തന്റെ തീരുമാനം പങ്കുവച്ചിരുന്നില്ല. മുൻ കോൺഗ്രസ് സർക്കാരുകളുടെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാൻ ഭരണപരിചയവും സത്യസന്ധതയുമുള്ള ഒരാളാണ് പ്രധാനമന്ത്രിയാകേണ്ടതെന്നും അന്ന് താൻ വിശ്വസിച്ചിരുന്നുവെന്ന് അവർ പറയുന്നു.

തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യം വിജയിച്ചതോടെ പ്രധാനമന്ത്രിയാകണമെന്ന ആവശ്യം ശക്തമായി. സഖ്യകക്ഷി നേതാക്കൾ വീട്ടിലെത്തി തന്നെ തീരുമാനം മാറ്റാൻ സമ്മർദം ചെലുത്തിയതായും സോണിയ വെളിപ്പെടുത്തി. രാജീവ്ഗാന്ധിയുടെ കോൺഫറൻസ് മുറിയിൽ നടന്ന യോഗത്തിൽ ഒരു മണിക്കൂറിലേറെ നേതാക്കൾ പ്രധാനമന്ത്രി പദം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. തന്റെ വിയോജിപ്പ് അറിയിച്ചിട്ടും അവർ വഴങ്ങിയില്ല. ‘ഈ തീരുമാനം അംഗീകരിക്കാനാവില്ല. മാഡം, നിങ്ങൾക്ക് ഇത്തരമൊരു തീരുമാനമെടുക്കാനാവില്ല’ എന്നിങ്ങനെയായിരുന്നു നേതാക്കളുടെ പ്രതികരണം. ഒടുവിൽ സമ്മർദത്തിന് വഴങ്ങി ശരി എന്ന് പറഞ്ഞതോടെ നേതാക്കൾ അഭിനന്ദിക്കാൻ തുടങ്ങിയെന്നും എന്നാൽ താൻ അപ്പോഴും മാനസികമായി തളർന്നിരിക്കുകയായിരുന്നുവെന്നും സോണിയ പറഞ്ഞു.

ഈ രംഗങ്ങൾ വീടിന് പുറത്തുനിന്ന് കണ്ടുകൊണ്ടിരുന്ന പ്രിയങ്ക ഉടൻ രാഹുലിന്റെ അടുത്തേക്ക് ഓടിയെത്തി വിവരം അറിയിച്ചു. അമ്മ പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ സമ്മതിച്ചെന്നറിഞ്ഞ രാഹുൽ രോഷാകുലനായി. ‘എന്തിനാണ് അങ്ങനെ ചെയ്തത്? അവർ സമ്മർദം ചെലുത്തിയോ? ഞങ്ങളുടെ കാര്യമോ?’ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തീരുമാനത്തിൽ ഉറച്ചുനിൽക്കാനും ആരുടെയും സമ്മർദത്തിന് വഴങ്ങേണ്ടെന്നും പ്രിയങ്കയും അമ്മയോട് ആവശ്യപ്പെട്ടു. പിതാവിന്റെ വധത്തിനുശേഷം അമ്മയുടെ സംരക്ഷകരായി സ്വയം കണ്ടിരുന്ന മക്കൾക്ക് പ്രധാനമന്ത്രി പദവുമായി ബന്ധപ്പെട്ട സുരക്ഷാഭീഷണികൾ വലിയ ആശങ്കയുണ്ടാക്കിയിരുന്നുവെന്നും സോണിയ വ്യക്തമാക്കി.

 

ദീർഘമായ ആലോചനകൾക്കുശേഷം പ്രധാനമന്ത്രി പദം വേണ്ടെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ അവർ തീരുമാനിച്ചു. ഉറക്കമില്ലാത്ത രാത്രിക്കുശേഷം രാവിലെ രാഹുലിന്റെ മുറിയിലെത്തി തന്റെ നിലപാടിൽ മാറ്റമില്ലെന്ന് അറിയിക്കുകയായിരുന്നു. ‘ഞാൻ തീരുമാനിച്ചു. എന്റെ നിലപാടിൽ ഉറച്ചുനിൽക്കും’ എന്ന് അമ്മ പറഞ്ഞപ്പോൾ അതാണ് ശരിയായ തീരുമാനമെന്ന് രാഹുൽ മറുപടി നൽകിയതായും പുസ്തകത്തിലുണ്ട്.

തുടർന്ന് പ്രധാനമന്ത്രിയായി ഡോ. മൻമോഹൻ സിങ്ങിന്റെ പേര് നിർദേശിക്കുകയായിരുന്നു. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിയ സോണിയ, മൻമോഹൻ സിങ്ങിനെ പിൻഗാമിയായി നിർദേശിച്ചു. ഇതോടെ യോഗത്തിൽ വീണ്ടും കരഘോഷം ഉയർന്നു. 2004ൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി മൻമോഹൻ സിങ് അധികാരമേറ്റതിലേക്കുള്ള നിർണായക തീരുമാനത്തിന് പിന്നിലെ വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാണ് ആത്മകഥയിലെ ഈ ഭാഗത്തിലൂടെ സോണിയ ഗാന്ധി വെളിപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *