
അമൃത്സർ: രാജ്യരക്ഷയ്ക്ക് തന്നെ വലിയ ഭീഷണിയാകുന്ന വൻ ആയുധ-ലഹരിമരുന്ന് ശേഖരം പഞ്ചാബിൽ പിടികൂടി. അമൃത്സർ റൂറൽ പോലീസും കേന്ദ്ര അന്വേഷണ ഏജൻസിയും സംയുക്തമായി നടത്തിയ നിർണ്ണായക നീക്കത്തിലാണ് വൻ സന്നാഹങ്ങളോടെ പ്രവർത്തിച്ചിരുന്ന മാഫിയാ സംഘത്തെ വലയിലാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ നിന്ന് റോക്കറ്റ് ലോഞ്ചറുകൾ എട്ട് കിലോയോളം ഹെറോയിൻ, രണ്ട് കിലോയിലേറെ മെത്താംഫിറ്റമിൻ തുടങ്ങിയ മാരക ലഹരിമരുന്നുകളും ആയുധങ്ങളും കണ്ടെടുത്തു.
അറസ്റ്റിലായവരിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളുടെ കണക്കുകൾ അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിക്കുന്നതാണ്. ആർ.പി.ജി റോക്കറ്റ് ലോഞ്ചറിനും ഹെറോയിനും പുറമെ 5.152 കിലോ ഓപിയം, രണ്ട് പിസ്റ്റളുകൾ, 106 വെടിയുണ്ടകൾ, അതിർത്തി കടന്ന് ആയുധങ്ങളും ലഹരിയും എത്തിക്കാൻ ഉപയോഗിക്കുന്ന ഡ്രോൺ, ജി.പി.എസ് ട്രാക്കർ, അഞ്ച് മൊബൈൽ ഫോണുകൾ എന്നിവയും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയ മാഫിയാ ശൃംഖലയുടെ കണ്ണികളാണ് പിടിയിലായതെന്നാണ് സൂചന.
വിദേശത്തുള്ള ഹാൻഡ്‌ലർമാരുമായി പ്രതികൾ നിരന്തരം ബന്ധപ്പെട്ടിരുന്നതായി പഞ്ചാബ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വിദേശത്തുനിന്നും എത്തുന്ന മാരകായുധങ്ങളും ലഹരിമരുന്നുകളും പഞ്ചാബിലെ പ്രാദേശിക ക്രിമിനൽ സംഘങ്ങൾക്ക് വിതരണം ചെയ്യുകയായിരുന്നു ഇവരുടെ പ്രധാന ചുമതല. റോക്കറ്റ് ലോഞ്ചർ പോലെയുള്ള സൈനിക ആയുധങ്ങളും ട്രാക്കിംഗ് ഉപകരണങ്ങളും ഡ്രോണുകളും കണ്ടെത്തിയത് സംഭവത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. ഇവർ രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് പദ്ധതിയിട്ടിരുന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് ഗൗരവമായി അന്വേഷിച്ച് വരികയാണ്. ആയുധങ്ങൾ എവിടെ നിന്നാണ് എത്തിച്ചത് എന്നതിനെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
സംഭവത്തിൽ ഘരിന്ദ, ലോപോക്കെ, ഭിണ്ടി സെയ്ദ എന്നീ മൂന്ന് പോലീസ് സ്റ്റേഷനുകളിലായി പ്രത്യേകം എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിലായവർക്ക് പുറമെ ഈ റാക്കറ്റിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താനും ഇവരുടെ വിദേശ ബന്ധങ്ങൾ പുറത്തുകൊണ്ടുവരാനും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇത്തരം മാഫിയ സംഘങ്ങളെ ഇല്ലാതാക്കുകയാണ് അന്വേഷണത്തിൻ്റെ ലക്ഷ്യമെന്നും ഇതിനായി ഇവരുടെ വിതരണ ശൃംഖല പൂർണമായും തകർക്കുമെന്നും പഞ്ചാബ് പോലീസ് വ്യക്തമാക്കി.
