
തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ പോലീസ് പൊളിച്ചു നീക്കിയ സമരപ്പന്തൽ പുന:സ്ഥാപിച്ച് ഡിവൈഎഫ്‌ഐ. മുൻപ് സമരപ്പന്തൽ നിന്നിടത്ത് താൽക്കാലികമായി രണ്ട് കമ്പുകൾ നാട്ടിയ ശേഷം ടാർപോളിൻ വലിച്ചുകെട്ടിയാണ് പുതിയ സമരപ്പന്തൽ നിർമ്മിച്ചിരിക്കുന്നത്.
നടപ്പാത കയ്യേറി ഫ്‌ലക്‌സ് ബോര്‍ഡുകളും താത്കാലിക ഷെഡും നിര്‍മ്മിച്ചുവെന്നും ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്നും ആരോപിച്ചാണ് കന്റോണ്‍മെന്റ് പോലീസ് സമരപ്പന്തല്‍ പൊളിച്ചുമാറ്റാന്‍ മുന്‍പ് നോട്ടീസ് നല്‍കിയിരുന്നത്. പന്തല്‍ പൊളിച്ചുനീക്കുന്നത് സംബന്ധിച്ച് രണ്ട് ദിവസം മുന്‍പ് പോലീസ് നല്‍കിയ നോട്ടീസിനെ തുടര്‍ന്ന് സമരനേതാവ് എസ്. വളര്‍മതിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നോട്ടീസ് സമരക്കാര്‍ തള്ളുകയും പന്തല്‍ പൊളിക്കാന്‍ സമ്മതിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച രാത്രി ഒമ്പതരയോടെ എത്തിയ പോലീസ് സംഘം മിനിറ്റുകള്‍ക്കുള്ളില്‍ സമരപ്പന്തലും ‘വാക്കു പാലിക്കാത്ത വി.ഡി. സതീശന്‍’ എന്ന ബോര്‍ഡും ഉള്‍പ്പെടെയുള്ള മുഴുവന്‍ സാമഗ്രികളും എടുത്തുമാറ്റി ലോറിയില്‍ കയറ്റി കൊണ്ടുപോയത്.
സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച ഡിവൈഎഫ്ഐ പ്രവർത്തകർ വൻതോതിൽ പന്തലിനരികിലേക്ക് എത്തിയിട്ടുണ്ട്.ഡോക്ടര്‍മാര്‍ സമരപ്പന്തലിലെത്തി വളര്‍മതിയുടെ ആരോഗ്യനില പരിശോധിച്ച ശേഷമായിരുന്നു പോലീസ് നടപടി. പോലീസിന്റെ ബലപ്രയോഗത്തിനിടയിലും ‘വെയിലത്തും മഴയത്തും ഞങ്ങളെ കിടത്താനാണ് ആഗ്രഹമെങ്കില്‍ അത് നടക്കട്ടെ, ആവശ്യം നേടിയെടുത്തിട്ടേ പോകൂ’ എന്ന് വളര്‍മതി പ്രതികരിച്ചു.
