
വടകര: തിരുവള്ളൂർ ചാനിയംകടവ് പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയയാളുടെ മൃതദേഹം കണ്ടെത്തി. കരിമ്പാലൻകണ്ടി രാജൻ (60) എന്നയാളുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെടുത്തത്. തിരുവള്ളൂർ കണ്ണമ്പത്ത് കര റോഡിൽ പച്ചക്കറിക്കടയിൽ ജോലി ചെയ്തുവരികയായിരുന്നു.
ഇന്നലെ രാത്രിയാണ് രാജൻ പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയത്. പേരാമ്പ്രയിൽനിന്നെത്തിയ ഫയർഫോഴ്‌സ് സംഘം ഇന്നലെ രാത്രി തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. തുടർന്ന് തിരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് രാവിലെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. മൃതദേഹം വടകര ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ശോഭയാണ് ഭാര്യ. മകൻ: ജിഷ്ണു രാജ്.
അതിനിടെ, ചാനിയംകടവ് പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയുള്ള മരണങ്ങൾ ആവർത്തിക്കുന്നത് പ്രദേശത്ത് ആശങ്കയുയർത്തുകയാണ്. രണ്ടുമാസം മുമ്പ് പേരാമ്പ്ര സ്വദേശിയായ ഒരാൾ പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയിരുന്നു. ഇയാളെ രക്ഷപ്പെടുത്താൻ പ്രദേശവാസികൾ പുഴയിലേക്ക് ചാടിയ സംഭവം അന്ന് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. പാലത്തിൽനിന്ന് പുഴയിലേക്ക് ചാടുന്നത് തടയാൻ സുരക്ഷാസംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
