പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന: പുരപ്പുറ സോളാർ  പദ്ധതിയിൽ അതിവേഗ മുന്നേറ്റവുമായി ഇന്ത്യ

പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജനയിൽ അതിവേഗ മുന്നേറ്റവുമായി ഇന്ത്യ. 2027 മാർച്ചിനകം ഒരു കോടി വീടുകളിൽ പുരപ്പുറ സോളാർ സ്ഥാപിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. ഇതിനകം 66 ലക്ഷം വീടുകളിൽ സോളർ വൈദ്യുതി എത്തിയെന്ന് കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

പദ്ധതി ആദ്യ ഒരുലക്ഷം വീടുകളിലേക്ക് എത്താൻ 118 ദിവസം എടുത്തിരുന്നു. ഇപ്പോൾ വെറും ആറ് ദിവസത്തിൽ ഓരോ പുതിയ ലക്ഷം വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നു. ഇനിയത് 5 ദിവസമായി കുറയുമെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി ബിൽ പൂജ്യമാകുമെന്നതു മാത്രമല്ല, മിച്ച വൈദ്യുതി അതത് സംസ്ഥാനത്തെ വൈദ്യുതി ബോർഡുകൾക്ക് വിറ്റ് വരുമാനം നേടാനുള്ള അവസരമാണ് പിഎം സൂര്യ ഘർ പദ്ധതി രാജ്യത്തെ ഗാർഹിക ഉപയോക്താക്കൾക്കും കർഷകർക്കും നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) പാർട്നർഷിപ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 2024ലാണ് കേന്ദ്രസർക്കാർ പിഎം സൂര്യ ഘർ പദ്ധതി ആവിഷ്കരിച്ചത്. 75,000 കോടി രൂപ പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്.

2027 മാർച്ചിനകം 30,000 മെഗാവാട്ട് വൈദ്യുതി പുരപ്പുറ സോളർ വഴി ഉൽപാദിപ്പിക്കുകയാണ് കേന്ദ്രലക്ഷ്യം. ഇതിനകം 19,639 മെഗാവാട്ട് സ്ഥാപിതശേഷി കൈവരിച്ചു. ഇനി 5 മാസം കൂടിശേഷിക്കേ അതിവേഗം ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം.

പിഎം സൂര്യ ഘറിൽ 3 വിഭാഗങ്ങളിലായി ഗാർഹിക ഉപഭോക്താക്കൾക്ക് കേന്ദ്രം സബ്സിഡി നൽകുന്നുണ്ട്. ഒരു കിലോവാട്ട് സോളർ സിസ്റ്റം വയ്ക്കുന്നവർക്ക് 30,000 രൂപവരെ. 2 കിലോവാട്ടിന് 60,000 രൂപവരെ. 3 കിലോവാട്ടിന് പരമാവധി 78,000 രൂപ. പിഎം സൂര്യ ഘർ പദ്ധതിയിൽ ചേർന്ന് സബ്സിഡി സ്വന്തമാക്കാൻ 2027 മാർച്ച് 31 വരെയാണ് സമയം.

പിഎം സൂര്യ ഘർ പ്രകാരമുള്ള പുരപ്പുറ സോളർ സ്ഥാപിത ഉൽപാദനശേഷിയിൽ കേരളം രാജ്യത്ത് നാലാമതും ദക്ഷിണേന്ത്യയിൽ ഒന്നാമതുമാണ്. കേരളത്തിൽ 4.18 ലക്ഷം വീടുകളിൽ പുരപ്പുറ സോളർ എത്തി. 1591 മെഗാവാട്ട് ആണ് സ്ഥാപിത ഉൽപാദനശേഷി. 2646.09 കോടി രൂപ സബ്സിഡിയും കേരളത്തിലെ ഉപയോക്താക്കൾ നേടി.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പുരപ്പുറ സോളർ വ്യാപനവും ഉൽപാദനശേഷിയും സബ്സിഡി നേട്ടവും ഇങ്ങനെ:

കേരളം
∙ വീടുകൾ : 4.18 ലക്ഷം
∙ ഉൽപാദനശേഷി : 1591 മെഗാവാട്ട്
∙ സബ്സ്ഡി നേട്ടം : 2646.09 കോടി രൂപ

ആന്ധ്രപ്രദേശ്
∙ വീടുകൾ : 5.32 ലക്ഷം
∙ ഉൽപാദനശേഷി : 1433.99 മെഗാവാട്ട്
∙ സബ്സ്ഡി നേട്ടം : 2839.77 കോടി രൂപ

കർണാടക
∙ വീടുകൾ : 42,827
∙ ഉൽപാദനശേഷി : 120.01 മെഗാവാട്ട്
∙ സബ്സ്ഡി നേട്ടം : 198.28 കോടി രൂപ

തമിഴ്നാട്
∙ വീടുകൾ : 1.35 ലക്ഷം
∙ ഉൽപാദനശേഷി : 430.76 മെഗാവാട്ട്
∙ സബ്സ്ഡി നേട്ടം : 746.55 കോടി രൂപ

തെലങ്കാന
∙ വീടുകൾ : 94,732
∙ ഉൽപാദനശേഷി : 275.06 മെഗാവാട്ട്
∙ സബ്സ്ഡി നേട്ടം : 472.97 കോടി രൂപ

Leave a Reply

Your email address will not be published. Required fields are marked *