
കോഴിക്കോട്: പേരാമ്പ്ര കൂത്താളിയിൽ വീട് ജപ്തി ചെയ്യുന്നതിനിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആർബിഐ ഓംബുഡ്‌സ്‌മാനും ബാങ്ക് നോഡൽ ഓഫീസർക്കും പരാതി. ആർബിഐയുടെ ചട്ടങ്ങളും മാർഗനിർദേശങ്ങളും ബാങ്ക് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിലാണ് പരാതി നൽകിയത്.
ബാങ്കിന്റെ കടുത്ത മാനസിക പീഡനമാണ് വീട്ടമ്മയുടെ മരണത്തിന് കാരണം. ജപ്‌തിയിൽ ആർബിഐയുടെ നയങ്ങൾ പാലിച്ചില്ല. ബാങ്ക് ഉദ്യോഗസ്ഥർക്കും ശാഖയ്ക്കുമെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കണം. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
കവിത (42) ആണ് ജീവനൊടുക്കിയത്. അഞ്ചുവർഷം മുമ്പാണ് കവിതയും ഭർത്താവ് ബാബുവും ചേർന്ന് നടുവണ്ണൂർ ശാഖയിൽനിന്ന് 17 ലക്ഷം രൂപ വായ്പയെടുത്തത്. വെള്ളിയാഴ്ച രാവിലെ 11ഓടെ ബാങ്ക് മാനേജരും ജീവനക്കാരും പൊലീസിനൊപ്പം ജപ്തിക്കായി വീട്ടിലെത്തിയപ്പോഴാണ് കവിത ജീവനൊടുക്കിയത്.
അതേസമയം, നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ജപ്തിയിലേയ്ക്ക് കടന്നതെത്ത് സൗത്ത് ഇന്ത്യൻ ബാങ്ക് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കുടിശ്ശിക തീർപ്പാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ ഉൾപ്പെടെയുള്ള ഇളവുകളും സാവകാശവും നൽകിയിരുന്നു. എന്നാൽ അവ ഉപയോഗപ്പെടുത്താൻ ഇടപാടുകാർക്ക് കഴിഞ്ഞില്ലെന്ന് ബാങ്ക്
വ്യക്തമാക്കി. കവിതയുടെയും കുടുംബത്തിന്റെയും വായ്പ പൂർണമായി എഴുതിത്തള്ളുമെന്ന് ബാങ്ക് ഉറപ്പ് നൽകിയിരിക്കുകയാണ്. ഡിസംബർ 15 വരെ ജപ്തി നടപടികൾ നിറുത്തിവയ്ക്കുമെന്നും വായ്പ എഴുതിത്തള്ളുന്നതിനുള്ള അന്തിമതീരുമാനം ബോർഡ് ഒഫ് ഡറക്ടേഴ്സ് യോഗം ചേർന്ന് കൈക്കൊള്ളുമെന്നും സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതർ അറിയിച്ചു.
