
മനില : ഫിലിപ്പീൻസിൽ നടക്കുന്ന ക്വാഡ് (Quad) നേതാക്കളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വാനോളം പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ച നടന്ന ഉച്ചകോടിക്കിടെ തന്റെ തൊട്ടടുത്ത് നിന്നിരുന്ന നരേന്ദ്ര മോദിയെ ചൂണ്ടിക്കാട്ടി ‘അദ്ദേഹം വളരെ കരുത്തനായ വ്യക്തിയാണ്’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. തൊട്ടുപിന്നാലെ ജപ്പാൻ പ്രധാനമന്ത്രി സനെയ് തകായിച്ചിയെ ചൂണ്ടിക്കാണിച്ച ട്രംപ്, ‘അവർ ഇദ്ദേഹത്തേക്കാൾ കരുത്തയായിരിക്കാം’ എന്നും തമാശരൂപേണ കൂട്ടിച്ചേർത്തു. ക്വാഡ് സഖ്യകക്ഷികളായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാൻ പ്രധാനമന്ത്രി സനെയ് തകായിച്ചി, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് എന്നിവർക്കൊപ്പം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്.
‘മൂന്ന് നേതാക്കളുമായും അവരുടെ രാജ്യങ്ങളുമായും ഞങ്ങൾക്ക് മികച്ച ബന്ധമാണുള്ളത്. തുടക്കം മുതൽ തന്നെ അങ്ങനെയാണ്. ഇവർ മൂന്നുപേരുമായും എനിക്ക് ദീർഘകാലത്തെ പരിചയമുണ്ട്. ഇവർ അസാധാരണ വ്യക്തിത്വങ്ങളാണ്, എന്റെ അടുത്ത സുഹൃത്തുക്കളാണ്,’ ട്രംപ് പറഞ്ഞു. തുടർന്ന് ഉച്ചകോടിയിലെ യോഗത്തിലും മോദിയോടുള്ള തന്റെ ആരാധന ട്രംപ് ആവർത്തിച്ചു. നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്തും ‘മഹാനായ നേതാവുമാണെന്നും ലോകമെമ്പാടുമുള്ള എല്ലാവരും അദ്ദേഹത്തെ വളരെയധികം ആദരിക്കുന്നുണ്ടെന്നും’ ട്രംപ് വ്യക്തമാക്കി.
ട്രംപിന്റെ പ്രശംസ ഇതാദ്യമല്ല. 2026 ജൂണിൽ പ്രമുഖ മാധ്യമമായ ‘ആക്സിയോസിന്’ (Axios) നൽകിയ അഭിമുഖത്തിലും ട്രംപ് മോദിയെ സമാനമായ രീതിയിൽ പ്രശംസിച്ചിരുന്നു. മോദിയെ ‘മഹാനായ നേതാവ്’ എന്നും ‘വളരെ കരുത്തൻ’ എന്നും വിശേഷിപ്പിച്ച ട്രംപ്, ലോകനേതാക്കളിൽ താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന വ്യക്തികളിൽ ഒരാളാണ് അദ്ദേഹമെന്നും വ്യക്തമാക്കിയിരുന്നു.
‘എന്റെ ജീവിതകാലം മുഴുവൻ ഞാൻ ഇന്ത്യയെ നിരീക്ഷിച്ചിട്ടുണ്ട്. അവിടെ ഭരണാധികാരികൾ നിരന്തരം മാറിക്കൊണ്ടിരിക്കുകയായിരുന്നു. ചിലർ ആറുമാസവും മറ്റുചിലർ ഒരു വർഷവുമൊക്കെയാണ് അധികാരത്തിലുണ്ടായിരുന്നത്. എന്നാൽ, പെട്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ എത്തിയത്. 12 വർഷത്തിലേറെയായി അദ്ദേഹം അവിടെ തുടരുന്നു, വളരെ ശക്തനായിത്തന്നെ,’ ട്രംപ് അന്ന് പറഞ്ഞു.
അതേസമയം, ക്വാഡ് കൂട്ടായ്മ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രിയാത്മകവും വിശ്വസ്തവുമായ ഒരു പങ്കാളിത്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. നാല് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ഇതിനോടകം അഞ്ച് തവണ കൂടിക്കാഴ്ച നടത്തിയത് തങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെയും പങ്കാളിത്തത്തോടുള്ള പ്രതിബദ്ധതയുടെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘സമുദ്ര സുരക്ഷ മുതൽ വിശ്വസ്തമായ വിതരണ ശൃംഖലകൾ വരെയും, നൂതന സാങ്കേതികവിദ്യകൾ മുതൽ ദുരന്തനിവാരണം വരെയും വിശ്വസനീയമായ പരിഹാരങ്ങൾ നൽകുക എന്നതാണ് ക്വാഡിന്റെ ലക്ഷ്യം,’ മോദി വ്യക്തമാക്കി.
മനിലയും ക്വാഡ് രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധത്തെയും പ്രധാനമന്ത്രി അനുസ്മരിച്ചു. 2007ൽ മനിലയിലാണ് നാല് രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ആദ്യമായി ഒത്തുചേർന്നതെന്നും, പത്ത് വർഷത്തിന് ശേഷം 2017ൽ ഇതേ നഗരത്തിൽ വെച്ച് ചർച്ചകൾ പുനരാരംഭിച്ചുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ ചരിത്രനഗരത്തിൽ വീണ്ടുമൊരു ക്വാഡ് യോഗം ചേരുന്നത് പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
