
ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരൻ ലത്തീഫ് ഭട്ടിനെ വധിച്ചു. പ്രദേശത്തെ മുസ്ലിം പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ഇയാൾ സുരക്ഷാസേനയുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
സുരക്ഷാസേന വിഡിയോ കോളിലൂടെ ലത്തീഫുമായി ബന്ധപ്പെടുകയും കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ കീഴടങ്ങാൻ തയ്യാറാകാതിരുന്ന ലത്തീഫ്, ‘എനിക്ക് ദൈവത്തെ കാണണം. ഞാൻ വളരെ സന്തോഷവാനാണ്’ എന്നായിരുന്നു മറുപടി നൽകിയത്.
പള്ളിക്കുള്ളിൽ നിന്ന് ലത്തീഫ് സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർക്കുന്നുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പുലർച്ചയ്ക്കു മുൻപും മേഖലയിൽ വെടിവയ്പുണ്ടായി. കുൽഗാമിലെ നിരവധി ഗ്രാമങ്ങളിൽ സുരക്ഷാസേന തെരച്ചിൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. നവംബർ 11ന് അഖ്റാനിലെ സിആർപിഎഫ് ചെക്ക്‌പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ലത്തീഫ് ഭട്ടാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിരുന്നു. ലത്തീഫിന്‍റെ കൂട്ടാളിയായ ഉമർ നിസാർ ദാർ തിങ്കളാഴ്ച കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
