
പയ്യന്നൂർ: പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ പങ്കെടുത്ത സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങ് അലങ്കോലമാക്കി സി.പി.എം പ്രവർത്തകർ. പ്രസംഗം തടസ്സപ്പെടുത്തുകയും എം.എൽ.എയുടെ ഓഫിസ് ജീവനക്കാരനെ മർദിക്കുകയും ചെയ്തു.
സിപിഎം നേതാക്കളും പ്രവർത്തകരും ബോധപൂർവം പരിപാടി അലങ്കോലപ്പെടുത്തുകയായിരുന്നുവെന്ന് വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് എംഎൽഎയുടെ നേതൃത്വത്തിൽ വേദിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.
സി.പി.എമ്മിന് ആധിപത്യമുള്ള തളിപ്പറമ്പ് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ പയ്യന്നൂരിൽ സംഘടിപ്പിച്ച സഹകരണ വാരാഘോഷ പരിപാടിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പരിപാടി നിശ്ചയിച്ചതുമുതൽ തന്നെ സി.പി.എം നേതൃത്വം എം.എൽ.എയെ പങ്കെടുപ്പിക്കാതിരിക്കാൻ ശ്രമം തുടങ്ങിയിരുന്നു. ഉദ്ഘാടകനായി ആദ്യം പയ്യന്നൂർ നഗരസഭ അധ്യക്ഷൻ സരിൻ ശശിയെയാണ് നിശ്ചയിച്ചിരുന്നത്. സ്ഥലം എംഎൽഎയെ ഒഴിവാക്കിയതിനെതിരെ വിവാദമുയർന്നതോടെ സഹകരണ വകുപ്പ് ഇടപെട്ടു. തുടർന്ന് വി. കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കാൻ സംഘാടകർ തീരുമാനിച്ചു. ഇന്നലെ പുതിയ പോസ്റ്ററും പുറത്തിറക്കി.
എംഎൽഎയെ പങ്കെടുപ്പിച്ചില്ലെങ്കിൽ പരിപാടി ബഹിഷ്കരിക്കാനും അതേ ദിവസം സമാന്തര പരിപാടി സംഘടിപ്പിക്കാനും യുഡിഎഫ് തീരുമാനിച്ചിരുന്നുവെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. എന്നാൽ സർക്കാർ ഉത്തരവിനെ തുടർന്ന് എംഎൽഎയെ ഉദ്ഘാടകനാക്കാൻ തീരുമാനിച്ചതോടെ സമാന്തര പരിപാടി ഉപേക്ഷിക്കുകയായിരുന്നു.
ഉദ്ഘാടന പ്രസംഗത്തിനിടെ നിലവിലെ ഭരണത്തെക്കുറിച്ചും സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും എംഎൽഎ പരാമർശിച്ചതോടെയാണ് സദസ്സിൽനിന്ന് പ്രതിഷേധമുയർന്നത്. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ഭാരവാഹികളുമാണ് ബഹളമുണ്ടാക്കിയത്. പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചവരോട് തന്റെ ശബ്ദം ഇല്ലാതാക്കാൻ കഴിയില്ലെന്ന് കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു. പിന്നീട് പലരും ഇടപെട്ട് പ്രതിഷേധക്കാരെ ശാന്തരാക്കിയ ശേഷമാണ് പ്രസംഗം പൂർത്തിയാക്കാനായത്.
ഇതിനിടെ, പരിപാടിയുടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്ന എംഎൽഎയുടെ ഓഫിസ് ജീവനക്കാരൻ പ്രസന്നനെ വേദിക്കുള്ളിൽവെച്ച് മർദിച്ചു. ഫോട്ടോ എടുക്കാൻ പോലും അനുവദിക്കാത്ത വിധത്തിലാണ് പ്രവർത്തകർ പെരുമാറിയതെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. മർദിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരുടെ പേരുകളും ഫോട്ടോകളും വിഡിയോ ദൃശ്യങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
‘ഉദ്ഘാടന പ്രസംഗം നടത്താൻ പോലും അനുവദിക്കാത്ത വിധത്തിലുള്ള ഇടപെടലാണ് ഉണ്ടായത്. നേതാക്കൾ തന്നെയാണ് മുദ്രാവാക്യം വിളിച്ച് പരിപാടി അലങ്കോലപ്പെടുത്തിയത്. എന്റെ ഓഫീസ് ജീവനക്കാരൻ ഫോട്ടോ എടുത്തുകൊണ്ടിരിക്കുമ്പോഴാണ് കയ്യേറ്റം ചെയ്തത്. ബോധപൂർവം പരിപാടി അലങ്കോലപ്പെടുത്താനാണ് ശ്രമിച്ചത്’ – വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചു.
അതേസമയം, എംഎൽഎയെ ഉദ്ഘാടകനാക്കി തീരുമാനിച്ച ശേഷവും നഗരസഭ അധ്യക്ഷനെ ഉദ്ഘാടകനായി രേഖപ്പെടുത്തിയ പഴയ ബോർഡ് തന്നെയാണ് സംഘാടകർ സ്ഥാപിച്ചത്. പരിപാടി നടന്ന സ്ഥലത്തും സരിൻ ശശിയുടെ ബോർഡാണ് സ്ഥാപിച്ചത്. സംഘാടകർക്ക് അനുഭവങ്ങളിൽനിന്നുപോലും പാഠം ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന് എം.എൽ.എ വിമർശിച്ചു.
നേരത്തെ പയ്യന്നൂരിൽ നടന്ന ഉപജില്ലാ കലോത്സവത്തിലും ജനപ്രതിനിധിയല്ലാത്ത വ്യക്തിയെ ഉദ്ഘാടകനായി നിശ്ചയിച്ചതിനെതിരെ സർക്കാർ ഇടപെടേണ്ടിവന്നിരുന്നുവെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ചതുമുതൽ തനിക്കെതിരെ രാഷ്ട്രീയമായ അവഗണന തുടരുകയാണെന്നാണ് കുഞ്ഞികൃഷ്ണൻ പറഞ്ഞു. തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദനും സമാനമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്. സിപിഎം നിയന്ത്രണത്തിലുള്ള തദ്ദേശസ്ഥാപനങ്ങൾ ഇരുവരെയും ഔദ്യോഗിക പരിപാടികളിൽനിന്ന് മാറ്റിനിർത്തുന്നതായി നേരത്തെയും ആരോപണം ഉയർന്നിരുന്നു.
സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി എംഎൽഎയുമായി ചർച്ച നടത്തി. പ്രസംഗം തടസ്സപ്പെടുത്തിയതിന്റെയും കയ്യേറ്റത്തിന്റെയും ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
