‘ന്യൂനപക്ഷ പിന്തുണ തകർക്കാൻ മെനഞ്ഞ കഥ, ഗൂഢാലോചന സിദ്ധാന്തം പൊളിഞ്ഞു’; ഷുക്കൂർ വധക്കേസിൽ പ്രതികരണവുമായി പി ജയരാജൻ

അരിയിൽ ഷുക്കൂർ വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ, മുസ്‌ലിം ലീഗിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് സിപിഎം നേതാവ് പി. ജയരാജൻ. തനിക്കും ടി.വി. രാജേഷിനുമെതിരെ ഉയർത്തിയ ഗൂഢാലോചനാ ആരോപണങ്ങൾ പൂർണമായും കെട്ടിച്ചമച്ചതാണെന്നും, കോടതി വിധിയോടെ ആ വാദങ്ങൾ പൊളിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗൂഢാലോചന ആരോപണം പ്രചരിപ്പിച്ച ലീഗ് നേതൃത്വം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

അരിയിലിൽ സിപിഎമ്മിന്റെ പ്രവർത്തനങ്ങളും പ്രവർത്തകരെയും ഇല്ലാതാക്കുക എന്നതായിരുന്നു ലീഗിന്റെ ലക്ഷ്യമെന്നും അതിന്റെ തുടർച്ചയായാണ് അക്രമസംഭവങ്ങൾ അരങ്ങേറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വായനശാലകളും ക്ലബുകളും പാർട്ടി പ്രവർത്തകരുടെ വീടുകളും തകർക്കപ്പെടുകയും, സിപിഎം ഓഫിസിൽ പച്ച പെയിന്റടിച്ച് നശിപ്പിക്കുകയും ചെയ്ത സംഭവങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.

ആക്രമിക്കപ്പെട്ട കേന്ദ്രങ്ങളും വീടുകളും സന്ദർശിക്കാനായി അന്നത്തെ എംഎൽഎ ടിവി രാജേഷിനൊപ്പം സിപിഎം ജില്ലാ സെക്രട്ടറി എന്ന നിലയിൽ താൻ അരിയിലിൽ എത്തിയപ്പോഴാണ് അക്രമമുണ്ടായതെന്ന് ജയരാജൻ വിവരിച്ചു. ലീഗ് ഓഫിസിന് സമീപത്തുവെച്ച് തങ്ങളുടെ വാഹനം ആക്രമിക്കപ്പെടുകയും, വാഹനത്തിലുണ്ടായിരുന്ന തങ്ങൾക്കും കൈരളി, ദേശാഭിമാനി മാധ്യമപ്രവർത്തകർക്കും പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തിയ ശേഷമാണ് പൊലീസിന്റെ സഹായത്തോടെ ആശുപത്രിയിൽ ചികിത്സ തേടിയതെന്നും അദ്ദേഹം പറഞ്ഞു.

താനും ടി.വി. രാജേഷും ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്താണ് കേസിനാസ്പദമായ കൊലപാതകം നടന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അന്നത്തെ കോൺഗ്രസ്-ലീഗ് സർക്കാരിന്റെ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണ് പൊലീസ് ഗൂഢാലോചനാ സിദ്ധാന്തം മെനഞ്ഞെടുത്തതെന്നും, ആശുപത്രിയിൽ കിടന്ന തങ്ങളെ കേസിൽ കുടുക്കിയത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം ആരോപിച്ചു.

നിരവധി രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരും നിരന്തരം സന്ദർശിച്ചിരുന്ന ആശുപത്രിയിൽ വെച്ച് ഗൂഢാലോചന നടത്തിയെന്ന വാദം അസംബന്ധമാണെന്ന് ജയരാജൻ പറഞ്ഞു. മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ സിപിഎമ്മിന് ലഭിച്ചുകൊണ്ടിരുന്ന പിന്തുണ തകർക്കുക എന്നതായിരുന്നു ഈ ആരോപണത്തിന് പിന്നിലെ ഉദ്ദേശ്യം.

സാക്ഷികളെ സംബന്ധിച്ച ലീഗ് നേതാക്കളുടെ വാദങ്ങളെയും അദ്ദേഹം തള്ളി. അഞ്ച് സാക്ഷികളിൽ നാല് പേർ കോടതിയിൽ ഹാജരായിരുന്നുവെന്നും, സാക്ഷികൾക്ക് എത്താൻ സാധിച്ചില്ലെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും ജയരാജൻ പറഞ്ഞു. കള്ളമൊഴി നൽകാൻ മനസ്സില്ലാത്തതിനാലാണ് ചിലർ വിട്ടുനിന്നതെന്നും, ഗൂഢാലോചനാ വാദം ബലപ്പെടുത്താൻ രണ്ട് മാധ്യമപ്രവർത്തകരെ സാക്ഷികളാക്കിയെന്നും അദ്ദേഹം ആരോപിച്ചു. കേസിലെ 33 പ്രതികളിൽ 20 പേരെ കോടതി വെറുതെവിട്ടതും അദ്ദേഹം എടുത്തുപറഞ്ഞു. ഈ സാഹചര്യത്തിൽ ഗൂഢാലോചനാ ആരോപണം ഉന്നയിച്ച ലീഗ് നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്ന ആവശ്യം അദ്ദേഹം ആവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *