
കൊച്ചി: ബി.ജെ.പിയിൽനിന്ന് രാജിവെച്ച മുൻ കോൺഗ്രസ് നേതാവ് പത്മജ വേണുഗാപാലിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. കോൺഗ്രസിൽ തിരിച്ചുകൊണ്ടുവന്ന് സ്ഥാനമാനങ്ങൾ നൽകി അവരെ ഇനിയും ‘അവഗണന’ നൽകി വിഷമിപ്പിക്കല്ലേ എന്ന് നേതൃത്വത്തോട് അഭ്യർഥിക്കുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പത്മജയെ സ്വീകരിക്കാൻ കോൺഗ്രസ് വാതിൽ തുറന്നിട്ടിരിക്കേണ്ട ഗതികേടില്ലെന്നും പാർട്ടിയിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നവർ ആദ്യം രാഷ്ട്രീയ വ്യക്തത വരുത്തണമെന്നും ജിന്റോ ജോൺ ആവശ്യപ്പെട്ടു. കോൺഗ്രസിനെയും നേതാക്കളെയും പ്രവർത്തകരെയും ആക്ഷേപിച്ച് പാർട്ടി വിട്ടുപോയവരെ തിരിച്ചുകൊണ്ടുവന്ന് സ്ഥാനമാനങ്ങൾ നൽകുന്നത് സാധാരണ പ്രവർത്തകരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്.
രണ്ടര വർഷം മുമ്പ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നപ്പോൾ പാർട്ടിയിൽ സ്ത്രീകൾക്ക് പരിഗണനയില്ലെന്നും വലിയ അവഗണനയും അപമാനവുമാണ് നേരിട്ടതെന്നുമായിരുന്നു പത്മജയുടെ ആരോപണം. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആകർഷണത്തെക്കുറിച്ചും പത്മജ പറഞ്ഞിരുന്നു. എന്നാൽ, രണ്ടര വർഷത്തിനുശേഷം ബിജെപിയിലും അവഗണന അനുഭവപ്പെടുന്നുവെന്ന നിലപാടുമായി അവർ പുറത്തുവരുന്നത് അധികാരത്തോടുള്ള താൽപര്യം കൊണ്ടാണ്.
കോൺഗ്രസിന് അധികാരമില്ലാതിരുന്ന കാലത്ത് സാധാരണ പ്രവർത്തകർ തെരുവിൽ പോരാടിയാണ് പാർട്ടിയെ വിജയത്തിലേക്ക് നയിച്ചത്. ആ പോരാട്ടങ്ങളിൽ പങ്കാളിയാകാതെ അധികാരത്തിലെത്തിയപ്പോൾ തിരിച്ചുവരാൻ ശ്രമിക്കുന്നതിനെ അംഗീകരിക്കാനാവില്ല. കഴിഞ്ഞ വർഷങ്ങളിൽ കോൺഗ്രസിനുവേണ്ടി എത്ര സമരങ്ങളിൽ പത്മജ പങ്കെടുത്തിട്ടുണ്ട്? എത്ര സമരക്കേസുകളിൽ പ്രതിയായിട്ടുണ്ട്?
കെടിഡിസി ചെയർപേഴ്സൺ സ്ഥാനവും ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ നിരവധി തവണ സ്ഥാനാർഥിത്വവും കെ.പി.സി.സിയിലെ ഉന്നതസ്ഥാനങ്ങളും നൽകിയിട്ടും അവഗണനയെന്ന ആരോപണമുന്നയിച്ചാണ് അവർ പാർട്ടി വിട്ടത്. കോൺഗ്രസ് നേതൃത്വത്തെയും സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പരസ്യമായി വിമർശിച്ചതും മറക്കാറായിട്ടില്ല.
പത്മജക്ക് ഒരൊറ്റ പ്രവർത്തകനെയോ അനുഭാവിയെയോ കൊണ്ടുപോകാൻ കഴിഞ്ഞില്ലെങ്കിലും അന്നവർ കൊണ്ടുപോയത് കെ. കരുണാകരൻ എന്ന എക്കാലത്തെയും ലീഡറുടെ പൊളിറ്റിക്കൽ ലെഗസി ആയിരുന്നു. അച്ഛന്റെ മരണശേഷം അത്രയും അപമാനം ആ മനുഷ്യന് നൽകാൻ മാത്രം ഈ മകൾക്ക് കഴിഞ്ഞു.
ബിജെപിയിൽ പ്രവർത്തിച്ച കാലത്ത് പത്മജ നടത്തിയ രാഷ്ട്രീയ പ്രസ്താവനകളും പരിശോധിക്കപ്പെടണം. കടുത്ത ഇസ്ലാമോഫോബിയയും വർഗീയ വിദ്വേഷവും നിറഞ്ഞ പ്രസ്താവനകൾ നടത്തിയിരുന്നു. ആ രണ്ടര വർഷം കോൺഗ്രസ് പ്രവർത്തകർക്കേൽപിച്ച മുറിവുകൾ ഉണങ്ങിയിട്ടില്ല.
അധികാര അലങ്കാരമില്ലാത്ത ഒരു നിമിഷം പോലും ചിന്തിക്കാനാകാത്തവരെ തിരിച്ചുകൊണ്ടുവന്ന് സ്ഥാനമാനങ്ങൾ നൽകി അവരെ ഇനിയും അവഗണന നൽകി വിഷമിപ്പിക്കല്ലേ എന്ന അഭ്യർഥനയുണ്ട് നേതൃത്വത്തോട്. ഒടുങ്ങാത്ത അധികാരാഗ്രഹങ്ങൾ മാത്രമുള്ളവരെ തൃപ്തിപ്പെടുത്തി പരിഗണനകൾ കൊടുക്കാൻ മാത്രം സ്ഥാനങ്ങൾ ഈ പാർട്ടിയിൽ ഇല്ലെന്നും തിരിച്ചറിയണം -ജിന്റോ ചൂണ്ടിക്കാട്ടി.
