തുലാവർഷം ചതിച്ചു: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ആശങ്കജനകം

മൂലമറ്റം: ജില്ലയിൽ തുലാവർഷ മഴ കുറഞ്ഞതോടെ സംസ്ഥാനത്തിന്റെ ഊർജ്ജ മേഖലക്കും കാർഷിക മേഖലക്കും ഒരുപോലെ ആശങ്കയാകുന്നു. ഒക്ടോബർ ഒന്ന് മുതൽ നവംബർ 18 വരെയുള്ള കാലയളവിൽ ജില്ലയിൽ പ്രതീക്ഷിച്ചിരുന്നതിനേക്കാൾ 34 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകൾ പ്രകാരം ഈ കാലയളവിൽ ഇടുക്കിയിൽ 490.9 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ഇതുവരെ ലഭിച്ചത് 321.9 മില്ലിമീറ്റർ മഴ മാത്രമാണ്. തുലാവർഷം ദുർബലമായത് ജില്ലയിലെ പ്രധാന ജലസംഭരണികളെയെല്ലാം സാരമായി ബാധിച്ചിട്ടുണ്ട്.

മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നിലവിൽ സംഭരണശേഷിയുടെ 63 ശതമാനത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം അണക്കെട്ടിൽ 78 ശതമാനം വെള്ളമുണ്ടായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 15 ശതമാനത്തിന്റെ കുറവാണ് നിലവിൽ സംഭരണശേഷിയിലുള്ളത്. നിലവിൽ 2369.24 അടി വെള്ളമാണ് ഇടുക്കി അണക്കെട്ടിലുള്ളത്. എന്നാൽ കഴിഞ്ഞ വർഷം ഇതേ ദിവസം ജലനിരപ്പ് 2384.08 അടിയായിരുന്നു.

അതായത്, മുൻവർഷത്തേക്കാൾ ഏകദേശം 15 അടിയോളം വെള്ളം നിലവിൽ അണക്കെട്ടിൽ കുറവാണ്.

പൊൻമുടി 81, കുണ്ടള 89, ലോവർപെരിയാർ 68 ശതമാനം എന്നിങ്ങനെയാണ് ജില്ലയിലെ വൈദ്യുതി വകുപ്പിന്‍റെ ചെറിയ ഡാമുകളിലെ ജലനിരപ്പ്. ജില്ലയിലെ ജലസേചന വകുപ്പിന്‍റെ അണക്കെട്ടായ മലങ്കരയിൽ 69 ശതമാനം ജലനിരപ്പും അവശേഷിക്കുന്നുണ്ട്.

വരാനിരിക്കുന്ന വേനൽക്കാലം മുന്നിൽക്കണ്ട് അണക്കെട്ടുകളിൽ പരമാവധി ജലം കരുതിവെക്കേണ്ട സാഹചര്യമാണുള്ളത്. ഇതിന്റെ ഭാഗമായി മൂലമറ്റം പവർ ഹൗസിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം കെ.എസ്.ഇ.ബി നിലവിൽ നിയന്ത്രിച്ചിരിക്കുകയാണ്. പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയും മറ്റ് ചെറുകിട ജലവൈദ്യുത പദ്ധതികളെയും ആശ്രയിച്ചാണ് നിലവിൽ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നത്.

മഴ ഇനിയും ശക്തമായില്ലെങ്കിൽ വരും മാസങ്ങളിൽ സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണങ്ങളിലേക്ക് നയിക്കാനും കുടിവെള്ള വിതരണത്തെയും കാർഷിക മേഖലയെയും സാരമായി ബാധിക്കാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *