കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; മുഖ്യസൂത്രധാരൻ പശ്ചിമ ബംഗാളിൽ പിടിയിൽ

കേരളത്തിലേക്ക് ട്രെയിൻ മാർഗം കഞ്ചാവ് കടത്തുന്ന സംഘത്തിന്റെ മുഖ്യസൂത്രധാരനെ പശ്ചിമ ബംഗാളിൽനിന്ന് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ പൂർബ ബർധമാൻ സ്വദേശിയായ സമീൻ ഷെയ്ഖാണ് പിടിയിലായത്. കേരളത്തിലേക്ക് വ്യാപകമായി കഞ്ചാവ് എത്തിക്കുന്ന ശൃംഖലയുടെ പ്രധാന ആസൂത്രകനാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.

ഈ വർഷം സെപ്റ്റംബർ 19ന് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് 22.403 കിലോ കഞ്ചാവുമായി രണ്ടുപേരെ പിടികൂടിയതോടെയാണ് കേസിന്റെ അന്വേഷണം ആരംഭിച്ചത്. പശ്ചിമ ബംഗാളിൽനിന്ന് ചെന്നൈ വഴി ട്രെയിനിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ അസിം ഷെയ്ഖ്, സാഹിദുൽ മല്ലിക് എന്നിവരാണ് അന്ന് അറസ്റ്റിലായത്. കേസിൽ ആദ്യം പ്രതിചേർക്കപ്പെട്ടത് സമീൻ ഷെയ്ഖായിരുന്നു. സംഘത്തിലെ മറ്റൊരു പ്രധാന കണ്ണിയായ മസൂദ് ഷെയ്ഖിനെ നേരത്തെ കോഴിക്കോട് നിന്ന് പിടികൂടിയിരുന്നു.

അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽനിന്നാണ് കഞ്ചാവ് കടത്തിന്റെ മുഖ്യസൂത്രധാരൻ സമീനാണെന്ന് വ്യക്തമായത്. തുടർന്ന് റെയിൽവേ സൂപ്രണ്ട് ഓഫ് പൊലീസ് പി.ബി കൃഷ്ണകുമാറിന്റെ മേൽനോട്ടത്തിൽ ഡെപ്യൂട്ടി എസ്.പി മനോജ് പരയാട്ട്, ഇൻസ്പെക്ടർ പ്രതാപ് എ. എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം പശ്ചിമ ബംഗാളിലെത്തി. രഹസ്യനിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

ഏകദേശം 12 വർഷം മുമ്പ് നിർമാണത്തൊഴിലാളിയായി കേരളത്തിലെത്തിയ സമീൻ മാഹിയിലും തലശ്ശേരിയിലുമാണ് താമസിച്ചിരുന്നത്. പിന്നീട് ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ട്രെയിന്‍ മാർഗം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്ന വിപുലമായ ശൃംഖല ഇയാൾ കെട്ടിപ്പടുത്തതായാണ് പൊലീസിന്റെ കണ്ടെത്തൽ. പാലക്കാട്, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കായിരുന്നു പ്രധാനമായും കഞ്ചാവ് കടത്തിയിരുന്നത്. മലപ്പുറം ജില്ലയിലെ വഴക്കാട് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ നേരത്തെയും എൻ.ഡി.പി.എസ് നിയമപ്രകാരം കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.

ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കേരളത്തിലെത്തിച്ച് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

റെയിൽവേ പൊലീസിന്റെ ലഹരിവിരുദ്ധ പരിശോധനയുടെ ഭാഗമായി ആരംഭിച്ച ‘ഓപറേഷൻ തൂഫാൻ’ വഴി ഇതുവരെ 176 കേസുകൾ രജിസ്റ്റർ ചെയ്യുകയും 146 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി റെയിൽവേ എസ്.പി പി.ബി കൃഷ്ണകുമാർ അറിയിച്ചു. ഏകദേശം 700 കിലോ കഞ്ചാവും എം.ഡി.എം.എ, ചരസ് ഉൾപ്പെടെയുള്ള മറ്റു ലഹരിവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *