അഞ്ച് ജില്ലകളിൽ ഒരേസമയം റെയ്ഡ്; സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ ഇ.ഡി നിരീക്ഷണത്തിൽ

കോഴിക്കോട്: സ്വർണക്കടത്തിന് സാമ്പത്തിക സഹായം നൽകുന്നവരെയും കള്ളപ്പണം വെളുപ്പിക്കുന്നവരെയും കണ്ടെത്താൻ സംസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന.

കോഴിക്കോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, കാസർകോട് ജില്ലകളിലെ 10 ഇടങ്ങളിൽ രാവിലെ തുടങ്ങിയ റെയ്ഡ് തുടരുകയാണ്. കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തികളുടെ വീടുകളും സ്ഥാപനങ്ങളുമാണ് പ്രധാനമായും പരിശോധിക്കുന്നത്.

കാസർകോട് ജില്ലയിൽ രണ്ടിടങ്ങളിലാണ് പരിശോധന നടക്കുന്നത്. തളങ്കര ബാംഗോഡ് സൈനബ മൻസിലിൽ അഹമ്മദ് സമീർ, ചെമ്പിരിക്ക ചന്ദ്രഗിരി ചാപ്പ ഹൗസിൽ ഷാഫി എന്നിവരുടെ വീടുകളിലാണ് ഉദ്യോഗസ്ഥർ എത്തിയത്.

കണ്ണൂർ ഇരിവേരി വട്ടക്കണ്ടി ഹൗസിൽ മുഹമ്മദ് വലീദിൻ്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. കോഴിക്കോട് കുന്നമംഗലം സ്വദേശി എംകെ മുഹമ്മദ് ജൗഹർ, കൊയിലാണ്ടി മടക്കര സ്വദേശി നൗഷാദ് വളപ്പിൽ എന്നിവരുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ്.

മലപ്പുറം ജില്ലയിൽ വേങ്ങര ചേരൂർ സ്വദേശി മുഹമ്മദ് ആഷിഖ്, താനൂർ താനാളൂർ സ്വദേശി യൂനസ് എന്നിവരുടെ വീടുകളിലും പാലക്കാട് കുമരനല്ലൂർ സ്വദേശി അബ്ദുൽ റൗഫിൻ്റെ വീട്ടിലും ഇഡി സംഘം എത്തിയിട്ടുണ്ട്.

സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ, വിദേശ നാണ്യ വിനിമയ ചട്ടലംഘനം (ഫെമ) എന്നീ കേസുകളിലാണ് അന്വേഷണം. സി.ആർ.പി.എഫ് സേനയുടെ അകമ്പടിയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയത്. ചില വീടുകളിൽ ഉദ്യോഗസ്ഥർ എത്തുമ്പോൾ ആരും ഉണ്ടായിരുന്നില്ല.

കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ പട്ടികയിലുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തുന്നത്.

അനധികൃത പണമിടപാടുകളും സ്വർണക്കടത്തുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റൽ തെളിവുകളും കണ്ടെത്തുകയാണ് റെയ്ഡിന്റെ ലക്ഷ്യം. ഇവരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, ബാങ്ക് അക്കൗണ്ടുകൾ, ഡിജിറ്റൽ രേഖകൾ തുടങ്ങിയവയാണ് പരിശോധിക്കുന്നത്.

സംസ്ഥാനത്തേക്ക് അനധികൃതമായി എത്തുന്ന സ്വർണത്തിന്റെ സാമ്പത്തിക സ്രോതസ്സ് പൂർണമായും ഹവാല വഴിയാണെന്ന് അന്വേഷണ ഏജൻസികൾ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഇ.ഡി നേരിട്ട് രംഗത്തിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *