
തിരുവനന്തപുരം: വാഹന പരിശോധനക്കിടെ മോട്ടോർ വാഹനവകുപ്പ് (എംവിഡി) ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ ഉദ്യോഗസ്ഥർ പിടികൂടി. മണനാക്ക് സ്വദേശിയായ ആഷിക്ക് ആണ് അറസ്റ്റിലായത്. സംഭവത്തിൽ കാറിന്റെ ബോണറ്റിലേക്ക് തെറിച്ചുവീണ എംവിഡി ഉദ്യോഗസ്ഥൻ തലനാരിഴക്കാണ് വലിയ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ആറ്റിങ്ങൽ കച്ചേരി ജങ്ഷനിൽ ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.
ആലംകോട് ഭാഗത്തുനിന്ന് അമിതവേഗതയിൽ എത്തിയ കാർ കച്ചേരി ജങ്ഷനിൽവെച്ച് ബി.ടി.എസ് റോഡിലേക്ക് തിരിയുകയായിരുന്നു. വാഹനത്തിൽ വരുത്തിയ രൂപമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ വാഹനം നിർത്താൻ കൈകാണിച്ചു. എന്നാൽ, പരിശോധന ഒഴിവാക്കാൻ ഡ്രൈവർ വാഹനം നിർത്താതെ വെട്ടിച്ച് തിരുവനന്തപുരം ഭാഗത്തേക്ക് പാഞ്ഞുപോകാൻ ശ്രമിച്ചു.
ഇതിനിടയിൽ മുന്നിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥൻ വാഹനം തടയാൻ ശ്രമിച്ചെങ്കിലും അപകടകരമായ രീതിയിൽ മുന്നോട്ടുനീങ്ങിയ കാർ ഉദ്യോഗസ്ഥനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഉദ്യോഗസ്ഥൻ കാറിന്റെ ബോണറ്റിലേക്ക് തെറിച്ചുവീണെങ്കിലും പരുക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഉദ്യോഗസ്ഥനെ ഇടിച്ചിട്ടും നിർത്താതെ മുന്നോട്ടുപോയ കാർ പിന്നീട് പിന്നോട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് വാഹനം വളഞ്ഞു. തുടർന്ന് ഡ്രൈവർ ആഷിക്കിനെ കസ്റ്റഡിയിലെടുത്തു. വാഹനത്തിലെ രൂപമാറ്റം പരിശോധനയിൽ പിടികൂടുമെന്ന് ഉറപ്പായതോടെയാണ് രക്ഷപ്പെടാൻ ശ്രമിച്ചതെന്ന് ആഷിക്ക് ഉദ്യോഗസ്ഥരോട് സമ്മതിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മോട്ടോർ വാഹനവകുപ്പ് കർശന നടപടികളിലേക്ക് കടന്നിട്ടുണ്ട്. വാഹനത്തിലെ അനധികൃത രൂപമാറ്റവുമായി ബന്ധപ്പെട്ട നിയമലംഘനത്തിന് 42,000 രൂപ പിഴ ചുമത്തി. കൂടാതെ, അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചതിനും ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
