ഫ്ലൈദുബായ് ആക്രമണം; ഒമാന്‍ സഹപൈലറ്റിന് ഇന്ത്യന്‍ ബന്ധം? അന്വേഷണത്തില്‍ എന്‍ഐഎ

ഫ്ലൈദുബായ് വിമാനത്തില്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛാറിനെ ആക്രമിച്ച ഒമാന്‍ സഹപൈലറ്റിന് ഇന്ത്യന്‍ ബന്ധമുണ്ടോയെന്ന അന്വേഷണത്തില്‍ എന്‍ഐഎ. സംഭവത്തില്‍ യുഎഇയില്‍ നിന്നും ചില രേഖകള്‍ എന്‍ഐഎ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. സഹപൈലറ്റിന്റെ സൗഹൃദങ്ങളും ഇന്ത്യന്‍ ബന്ധങ്ങളും ആക്രമണത്തിനു മുന്‍പ് ഇന്ത്യയിലുള്ള ആരെങ്കിലുമായും സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടോ തുടങ്ങിയുള്ള കാര്യങ്ങളാണ് എന്‍ഐഎ പ്രധാനമായും അന്വേഷിക്കുന്നത്.

യുഎഇയില്‍ നിന്നും രേഖകള്‍ ആവശ്യപ്പെട്ടതിനൊപ്പം ചില വ്യക്തികളെ ചോദ്യംചെയ്യാനുള്ള അനുമതിയും എന്‍ഐഎ തേടിയതായി ഡയറക്ടര്‍ ജനറല്‍ രാകേഷ് അഗര്‍വാള്‍ അറിയിച്ചു. യുഎഇയുമായുള്ള പരസ്പര നിയമസഹായ കരാര്‍ (Mutual Legal Assistance Treaty-MLAT)  പ്രകാരമാണ് രേഖകളുടെ കോപ്പിയും മറ്റ് പിന്തുണയും എന്‍ഐഎ തേടിയത്. ഈ രേഖകള്‍ ലഭിച്ച ശേഷം അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കാനാണ് ദേശീയ സുരക്ഷാ ഏജന്‍സിയുടെ നീക്കം.

അതേസമയം തന്നെ പ്രതി ഓസ്ട്രേലിയയിലോ ബ്രിട്ടനിലോ പഠിച്ചിട്ടുണ്ടാകാമെന്ന വിവരങ്ങളും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് രാകേഷ് അഗര്‍വാള്‍ പറയുന്നു. ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറയുന്നു. സെപ്റ്റംബര്‍ 30നാണ് ദുബായില്‍ നിന്നും ടെല്‍ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തില്‍വച്ച് ക്യാപ്റ്റനു നേരെ ആക്രമണമുണ്ടാകുന്നത്.

വിമാനം തകര്‍ക്കാനോ തട്ടിയെടുക്കാനോ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നെന്നാണ് എഫ്ഐആറില്‍ വ്യക്തമാക്കിയിരുന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്ന മച്ഛാര്‍ ഇപ്പോഴും ചികിത്സയിലാണ്. ആറ് ജീവനക്കാരും 174 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യുഎഇയില്‍ നിന്നുള്ള രേഖകള്‍ ലഭിക്കുന്നതോടെ പ്രതിയുെട രാജ്യാന്തര ബന്ധങ്ങളെക്കുറിച്ച് വ്യക്തത വരുമെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *