ബഹ്റൈനിലെ യുഎസ് കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം

ടെഹ്റാൻ: ബഹ്റൈനിലെ 2 യുഎസ് റഡാർ കേന്ദ്രങ്ങളെ ആക്രമിച്ചതായി ഇറാൻ റവന്യൂഷനറി ഗാർഡ്സ് അവകാശപ്പെട്ടു. ഇറാൻ ആക്രമണത്തിൽ വ്യവസായ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായി. തീ നിയന്ത്രണ വിധേയമാണ്. ആളപായമില്ല.

ഇറാൻ–യുഎസ് യുദ്ധം പുനരാരംഭിക്കുമെന്ന ആശങ്ക നിലനിൽക്കെ ഭൂഗർഭ മിസൈൽനഗരത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. ഇരട്ട ലോഞ്ചറുകൾ അടക്കം വൻ മിസൈൽശേഖരം ദൃശ്യങ്ങളിൽ കാണാം. തിരിച്ചടിക്ക് സന്നദ്ധമെന്നതിന്റെ സൂചനയെന്നോണമാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ സ്ഥാപിച്ച സ്ഫോടകവസ്തുക്കളിൽ തട്ടി എണ്ണ ടാങ്കറിനു തീപിടിച്ചു. 2 എണ്ണ ടാങ്കറുകൾക്കു നേരെ വ്യോമാക്രമണവും ഉണ്ടായി. ഒമാനിലെ ഖസബ് തീരത്തുനിന്ന് 11 നോട്ടിക്കൽ മൈൽ അകലെയായിരുന്നു ആദ്യ ആക്രമണം.

രണ്ടാമത്തെ ആക്രമണത്തിൽ എണ്ണ ടാങ്കറിന്റെ എൻജിൻ റൂമിൽ തീപടർന്നതായി റിപ്പോർട്ടുണ്ട്. സമാധാനശ്രമങ്ങൾ സജീവമാണെന്ന് മധ്യസ്ഥരായ ഖത്തർ അറിയിച്ചു. കഴിഞ്ഞ ദിവസം ഇറാൻ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ചർച്ചകളെ ഗൗരവമായിത്തന്നെയാണ് യുഎസ് സമീപിക്കുന്നതെന്ന ഉറപ്പുവേണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. ആണവവിഷയത്തിലടക്കം പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയും ഇറാൻ പങ്കുവച്ചു. എന്നാൽ, സമാധാന കരാറിലെത്തുന്നതിന് ഇറാൻ പറയുന്ന ഉപാധികൾ സ്വീകാര്യമല്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.

സൗദി സഖ്യസേന നടത്തിയ ആക്രമണത്തിൽ യെമനിൽ 41 പേർ കൊല്ലപ്പെട്ടതായി ഹൂതികൾ അറിയിച്ചു. ഹൂതികളുടെ നൂറുകണക്കിനു താവളങ്ങൾ ആക്രമിച്ചതായി സൗദി വെളിപ്പെടുത്തി. റിയാദ് ലക്ഷ്യമാക്കി ഹൂതികൾ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തു. 3 മിസൈലുകൾ തകർത്തതായി സൗദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *