പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറിയതില്‍ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് ആചാര ലംഘനം സംഭവിച്ചെങ്കില്‍ അദ്ദേഹത്തെ 41 ദിവസം ശബരിമലയില്‍ ഭജനമിരുത്താന്‍ തയ്യാറാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ . ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന രഥയാത്രയുടെ ഉദ്ഘാടന സദസിലാണ് സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്. തന്ത്രി കല്‍പ്പിക്കുന്ന പ്രായശ്ചിത്തം ചെയ്‌താല്‍ തീരാവുന്ന കുറ്റമേ വത്സന്‍ തില്ലങ്കേരി ചെയ്‌തിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ചിത്തിര ആട്ടവിശേഷത്തിനായി തീര്‍ത്ഥാടകര്‍ ശബരിമലയിലെത്തിയപ്പോള്‍ അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെല്ലാം സര്‍ക്കാര്‍ തടഞ്ഞു. ഭക്തരെ പ്രകോപിപ്പിക്കാനാണ് സര്‍ക്കാര്‍ ഇത് ചെയ്‌തത്. നടപ്പന്തലില്‍ വിരി വയ്‌ക്കാന്‍ പോലും അനുവദിച്ചില്ല. എന്നാല്‍ പിണറായി വിജയന്‍ മനസില്‍ കാണുന്നത് മാനത്ത് കാണുന്നവരാണ് സംഘപരിവാറുകാര്‍.

പിണറായി ശബരിമലയില്‍ നടപ്പിലാക്കിയ 144 ‘ത്രീജി’യായിപ്പോയി. 52 കാരിയായ സ്ത്രീയെ തടയാന്‍ പ്രകോപനം ഉണ്ടാക്കിയത് തൃശൂര്‍ സ്വദേശിയായ ഡി.വൈ.എഫ്.ഐക്കാരനാണെന്നും അദ്ദേഹം ആരോപിച്ചു. കേസില്‍ പിടിയിലായ വികലാംഗനായ സൂരജ് നിരപരാധിയാണ്. ഇയാള്‍ അക്രമം നടത്തിയ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ ഇരട്ടച്ചങ്കനെ താന്‍ വെല്ലുവിളിക്കുകയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *