
കൊച്ചി: നെടുമ്പാശേരിയിൽ 3 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിനെ (19) അറസ്റ്റ് ചെയ്ത് എക്സൈസ്. 23 വയസ്സ് ആകുന്നതിനു മുമ്പ് മദ്യപിച്ചു എന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു കേസ് റജിസ്റ്റർ ചെയ്തിരുന്നത്. അനുവദനീയമായതിലും 5 ഇരട്ടി മദ്യം സുഹൈലിന്റെ ശരീരത്തിലുണ്ടായിരുന്നു എന്ന കാര്യം നേരത്തെ പുറത്തു വന്നിരുന്നു. നിലവിൽ ജാമ്യത്തിൽ കഴിയുന്ന സുഹൈലിനെ നോട്ടിസ് നൽകി വിളിച്ചു വരുത്തി ചോദ്യ ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ആലുവ എക്സൈസ് റേഞ്ചാണ് അബ്കാരി നിയമത്തിലെ 15എ വകുപ്പ് അനുസരിച്ച് കേസ് എടുത്തിരിക്കുന്നത്. നിയമപ്രകാരം 23 വയസിൽ താഴെയുള്ളവർ മദ്യപിക്കാൻ പാടില്ല. അപകടം നടന്ന ദിവസത്തെ സുഹൈലിന്റെ വിവരങ്ങൾ എക്സൈസ് വിശദമായി ശേഖരിച്ചിരുന്നു. ഒക്ടോബർ 10ന് ഉച്ചയ്ക്ക് ഇടപ്പള്ളിയിലെ മാളിലെത്തിയ സുഹൈലും സുഹൃത്ത് നിനവും ഉച്ചയ്ക്ക് 12.30നാണ് കടവന്ത്ര എസ്എ റോഡിലെ ‘ദയ ബൈ റിനെ’ ബാറിലെത്തി ആദ്യമായി മദ്യപിക്കുന്നത്. തുടര്ന്ന് വൈറ്റില ബൈപാസ് വഴി സഞ്ചരിച്ച് പാലാരിവട്ടത്തിനു സമീപമുള്ള ‘മൺസൂൺ എംപ്രസ്’ ബാറിലെത്തി. ഇവിടെനിന്ന് രാത്രി 9.30നാണ് ഇറങ്ങിയത്. മദ്യപിച്ച ശേഷം സുഹൈൽ ബാറുകളിൽ നിന്നുള്ള ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു.
തുടർന്ന് ഇടപ്പള്ളി, കളമശേരി, ആലുവ വഴി നെടുമ്പാശേരിയിലെത്തിയ ഇവർക്കൊപ്പം സുഹൃത്തുക്കളായ ജോയലും അമീറും കൂടി ചേർന്നു. രാത്രി 11 മണിയോടെ നാലു പേരും വിമാനത്താവള പരിസരത്തുള്ള ‘കോർട്ട്യാർഡ് മാരിയറ്റ്’ ബാറിലെത്തി. അവിടെനിന്ന് വെളുപ്പിന് 1.30നാണ് ഇറങ്ങിയത്. ഈ ബാറിൽ മാത്രം സുഹൈലിനു വന്ന ബിൽ 4396 രൂപയുടേതാണ്. ഇവിടെ നിന്നിറങ്ങി 4 കിലോമീറ്റർ മാത്രം അകലെയുള്ള എയർപോർട്ട് സിഗ്നലിനു സമീപത്തുവച്ച് വെളുപ്പിന് രണ്ട് മണിയോടെയാണ് സുഹൈൽ ഓടിച്ച ആഡംബര വാഹനം അപകടത്തിൽപ്പെടുന്നത്. മണിക്കൂറിൽ 160 കിലോമീറ്ററിനടുത്ത് വേഗതയിലെത്തിയ കാർ സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. വാഹനത്തിന്റെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്തുകൊണ്ട് കാർ കമ്പനി അന്വേഷണ സംഘത്തിനു റിപ്പോർട്ട് നൽകിയിരുന്നു. അപകടത്തിന് അഞ്ച് സെക്കൻഡ് മുൻപ് 162 കിലോമീറ്റർ വേഗതയിലായിരുന്ന കാർ, കൂട്ടിയിടിയുടെ സമയത്ത് മണിക്കൂറിൽ 144 കിലോമീറ്റർ വേഗതയിലായിരുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുൻപ് മാത്രമാണ് ബ്രേക്ക് പെഡൽ അമർത്തിയത്. 500 മീറ്റർ ദൂരം വെറും 11 സെക്കൻഡുകൊണ്ടാണ് വാഹനം പിന്നിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളും സൂചിപ്പിച്ചിരുന്നു.
മദ്യപിച്ച് വാഹനമോടിച്ച സുഹൈലിനെതിരെ നരഹത്യാക്കുറ്റവും വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെ പ്രേരണക്കുറ്റവുമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് കാക്കനാട് ബോസ്റ്റൽ സ്കൂളിൽ 36 ദിവസത്തെ തടവുകാലത്തിന് ശേഷമാണ് കഴിഞ്ഞ ആഴ്ച സുഹൈൽ പുറത്തിറങ്ങിയത്. സഹപ്രതികളായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.










വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.