മഞ്ചേരിയിലെ ദുര്‍മന്ത്രവാദകേന്ദ്രത്തില്‍ രോഗബാധിതനായ യുവാവ്‌ മരുന്നുപോലും കഴിക്കാന്‍ കഴിയാതെ മരിച്ചുവെന്ന്‌ സുഹൃത്ത്‌. പത്തുതറപ്പടി കൊളപ്പറ്റ ഫിറോസ്‌ അലി (38) കഴിഞ്ഞ ദിവസമാണ്‌ ലിവര്‍ സിറോസിസ്‌ ബാധിച്ച്‌ മരിച്ചത്‌. 25 ദിവസത്തോളം തന്നെ മരുന്നുപോലും കഴിക്കാന്‍ അനുവദിക്കാതെ ദുര്‍മന്ത്രവാദികള്‍തടവിലാക്കിയെന്ന്‌ സുഹൃത്ത്‌ ഷിബുവിനയച്ച ഓഡിയോയില്‍ പറയുന്നു.

ലിവര്‍ സിറോസിസിനു മരുന്നു കഴിച്ചുകൊണ്ടിരുന്ന എന്നെ ഇരുപത്തഞ്ച്‌ ഇരുപത്താറുദിവസം പുറം ലോകവുമായി ബന്ധപ്പെടാനോ ആരോടെങ്കിലും സംസാരിക്കാനോപോലും അനുവദിച്ചില്ല. ഡോക്‌ടര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ അനിസ്ലാമികമാണെന്ന് പറഞ്ഞ്‌ കുടിക്കാനനുവദിക്കാതെ തടഞ്ഞു. ഫിറോസ്‌ ഓഡിയോ മെസേജില്‍ പറയുന്നു. മഞ്ചേരി സത്യസരണിക്കടുത്ത്‌ ചരണിയില്‍ ഫിറോസ്‌, അബ്‌ദുള്‍ സലാം തുടങ്ങിയവരാണ്‌ ഈ കേന്ദ്രത്തിന്‌ പിന്നിലെന്നും ക്ലിപ്പിലുണ്ട്‌.

ആയുര്‍വേദ മരുന്ന്‌ കഴിച്ചിരുന്ന സമയത്താണ്‌ മന്ത്രവാദികള്‍ കുടുംബങ്ങളെ സ്വാധീനിച്ചത്‌. വയറിനുള്ളില്‍ ഗണപതിയാണ്‌, പൂജാരിയാണ്‌ അല്ലാതെ ഇതൊരു അസുഖമല്ല എന്നാണ്‌ അവര്‍പറഞ്ഞിരുന്നത്‌. അതിനെ കൊന്നെങ്കിലേ അസുഖം മാറൂ. 25 ദിവസത്തോളം ക്രൂരമായ ചികിത്സാരീതികളായിരുന്നു കേന്ദ്രത്തില്‍. തീരെ വയ്യാതായിട്ടും ഡോക്‌ടര്‍ നിര്‍ദ്ദേശിച്ച മരുന്ന്‌ കുടിക്കാന്‍ അനുവദിച്ചില്ല. ഈ മരുന്നുകള്‍ മുസ്ലീംങ്ങള്‍ക്ക്‌ കഴിക്കാന്‍ പാടില്ലെന്ന്‌ വിശ്വസിപ്പിച്ചു.

ഇതോടെ ശരീരം ആകെ തളര്‍ന്നു. ഭക്ഷണം കഴിക്കാന്‍ കഴിയാതെയായി. ദിവസം ചികിത്സയ്‌ക്ക്‌ 10000 രൂപയാണ്‌ ഇവര്‍ വാങ്ങിയിരുന്നത്‌. കുടുംബത്തോട്‌ എത്ര വാങ്ങിയെന്ന്‌ അറിയില്ല. അവിടെനിന്ന്‌ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ച്‌ വീണ്ടും അവിടെ നിര്‍ത്തി. ഫിറോസ്‌ എന്ന പേര്‌ ഒരിക്കല്‍പ്പോലും വിളിക്കാന്‍ കൂട്ടാക്കാതെ ശെയ്‌ത്താന്‍ എന്നാണ്‌ അവര്‍ വിളിച്ചിരുന്നത്‌. ഇനിയൊരാളെയും ഇവര്‍ വഞ്ചിക്കരുത്‌. ഇവര്‍ക്കെതിരെ ശക്തമായ എന്തെങ്കിലും നടപടികള്‍ഉണ്ടാകണമെന്നും ഫിറോസ്‌ അവസാനമായി അയച്ച വോയ്‌സ്‌ ക്ലിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *