പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വിറ്ററില്‍ കോണ്‍ഗ്രസിട്ട പോസ്റ്റിനെതിരെ നടന്‍ മാധവന്‍ രംഗത്ത്. ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയത്തെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ചൈന വീണ്ടും എതിര്‍ത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെ കളിയാക്കി കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ഇട്ടത്. പ്രധാനമന്ത്രിയും ചൈനീസ് പ്രസ്ഡന്റ് ഷിചിന്‍പിങുമായുള്ള കൂടിക്കാഴ്ചകളെ കൂട്ടിയിണക്കി സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്ത വീഡിയോയാണ് ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ പ്രവർത്തിയെ അത്യന്തം ഹീനവും തരംതാഴ്ന്നതുമാണെന്ന് നടന്‍ മാധവന്‍ ട്വീറ്റ് ചെയ്തു. ഇത് നല്ലതല്ലാത്ത പ്രവണതയാണ്. എത്രതന്നെ രാഷ്ട്രീയ വൈരങ്ങളുണ്ടായാലും മോദിജി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. ഇത്തരത്തിലുള്ള പ്രഹസനങ്ങള്‍ ചൈനയ്ക്കുമുന്നില്‍ ഇന്ത്യയുടെ അന്തസ്സുകുറയ്ക്കുന്ന പ്രവർത്തിയാണ് എന്നും മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. മാധവന്‍ന്റെ ട്വീറ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. പോസ്റ്റിനെ അനുകൂലിച്ച് നിമിഷങ്ങള്‍ക്കം 25,000 ലൈക്കുകളും 12,000 ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്.
