പ്രണയം നിരസിച്ചതിന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറിവന്ന് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊന്നു. തൃശൂര്‍ ചിയ്യാരം സ്വദേശിനി നീതുവാണ് (22) ക്രൂരമായി കൊല്ലപ്പെട്ടത്. വടക്കേക്കാട് സ്വദേശി നിതീഷാണ് പ്രതി. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.  വ്യാഴാഴ്ച രാവിലെ ഏഴുമണിക്കും ഏഴരയ്ക്കും ഇടയിലായിരുന്നു സംഭവം. ബൈക്കിലാണ് അക്രമി എത്തിയത്. ശുചിമുറിയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്.

പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. ശരീരം ഭൂരിഭാഗവും കത്തിയമര്‍ന്ന നിലയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ നെഞ്ചില്‍ രക്തം കണ്ടതായും നാട്ടുകാര്‍ പറയുന്നു.കൃത്യത്തിന് പ്രേരിപ്പിച്ച കാരണം വ്യക്തമല്ല.പ്രണയാഭ്യര്‍ത്ഥ നിരസിച്ചതാണ് കൊലപാതകത്തിന് യുവാവിനെ പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു. വീട്ടുകാര്‍ തീയണയ്ക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും തീ ആളിക്കത്തിയതിനാല്‍ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കൊടകര ആക്‌സിസ് എഞ്ചിനീയറിങ് കോളജ് ബി.ടെക് വിദ്യാര്‍ത്ഥിനിയായ നീതുവിനെ കഴിഞ്ഞ കുറേ നാളുകളായി 32കാരനായ നിതീഷ് പിറകെ നടന്ന് ശല്യം ചെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു. കസ്റ്റഡിയിലായ പ്രതിയെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കും.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് തിരുവല്ലയില്‍ സമാനമായ മറ്റൊരു സംഭവം നടന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ നടുറോഡില്‍ യുവാവ് സഹപാഠിയെ തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ തിരുവല്ല സ്വദേശിനി കവിത ഇക്കഴിഞ്ഞ മാര്‍ച്ച്‌ 20ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *