തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദനമേറ്റ് മരിച്ച കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. പത്ത് ദിവസത്തോളം ഗുരുതരമായി ആശുപത്രി കിടക്കയിലായിരുന്നെങ്കിലും കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. ഇന്നലെ വൈകിട്ട് നടന്ന സംസ്കാര ചടങ്ങില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ക്കടക്കം സങ്കടം അടക്കാനായില്ല.ഒരു ഗ്രാമം ഒന്നടങ്കം തേങ്ങുന്ന കാഴ്ചയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം രാത്രി 8.30 ഓടെയാണ് ഏഴര വയസുകാരന്‍റെ മൃതദേഹം മുത്തശ്ശിയുടെ വീട്ടിലെത്തിച്ചത്. തൊടുപുഴ ഡി.വൈ.എസ്.പിയും സി.ഐയും അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ആംബുലന്‍സിനെ അനുഗമിച്ചിരുന്നു.
കുട്ടിയുടെ മൃതദേഹം വീട്ടിനുള്ളില്‍ കയറ്റിയ ശേഷം അമ്മയ്ക്കും മൂന്നു വയസുകാരന്‍ സഹോദരനും മുത്തശ്ശിക്കും അടുത്ത ബന്ധുക്കള്‍ക്കും കാണാന്‍ പൊലീസ് അവസരം ഒരുക്കി. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും കുട്ടിക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തി. കനത്ത പൊലീസ് സന്നാഹമാണ് വീട്ടിലൊരുക്കിയിരുന്നത്. 9.30 ഓടെ സംസ്കാര ചടങ്ങുകള്‍ അവസാനിച്ചു. കുട്ടിയെ അതിക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ സുഹൃത്തും പ്രതിയുമായ അരുണ്‍ ആനന്ദിനെതിരെ കൊലക്കുറ്റം ചുമത്തിയതായി പൊലീസ് വ്യക്തമാക്കി.
