സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലക്കെതിരായ വിവാദമായ വ്യാജ പരാതി നല്‍കിയത് ബിഡിജെഎസ് നേതാവെന്ന് പൊലീസ്. പരാതിക്കാരന്റെ മൊഴിയെടുത്തെങ്കിലും തെളിവുകളൊന്നും ഹാജരാക്കാന്‍ ഇതുവരെ അദേഹത്തിന് സാധിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇതോടെയാണ് പരാതി വ്യാജമെന്ന് തെളിഞ്ഞത്. ഇതിനാല്‍ അശ്വതിയുടെ മൊഴി തല്‍കാലം എടുക്കേണ്ടെന്നാണ് നിലവിലെ തീരുമാനം. ഇതോടെ പരാതിക്ക് പിന്നില്‍ ഗൂഢലക്ഷ്യമെന്ന സംശയം ബലപ്പെടുകയാണ്.കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസിന്റെ പേരില്‍ സര്‍ക്കാരിനെയും പൊലീസിനെയും വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സാമൂഹികപ്രവര്‍ത്തകയായ അശ്വതി ജ്വാലക്കെതിരെയുള്ള പരാതി ഡിജിപിക്ക് ലഭിച്ചത്. വിദേശവനിതയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്നായിരുന്നു കോവളം സ്വദേശി അനില്‍കുമാര്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചത്. കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരിയെ സഹായിച്ച അശ്വതിക്കെതിരായ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണം ഉയര്‍ന്നു. പരാതിക്ക് പിന്നാലെ അശ്വതിയുടെ മൊഴിയെടുക്കാന്‍ പൊലീസ് തിടുക്കത്തില്‍ തീരുമാനിച്ചെങ്കിലും വിവാദമായതോടെ അതൊഴിവാക്കുകയും മറ്റ് നടപടികളെല്ലാം മരവിപ്പിക്കുകയും ചെയ്തു. കോവളം പനങ്ങോടുള്ള കെപിഎംഎസിന്റെയും ബിഡിജെഎസിന്റെയും പ്രാദേശിക നേതാവാണ് പരാതിക്കാരനായ അനില്‍കുമാറെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *