രാഘവനെതിരായ ഒളിക്യാമറ വിവാദം; ചാനലില്‍ നിന്ന് മുഴുവന്‍ ദൃശ്യങ്ങളും ശേഖരിച്ചു; ഉടന്‍ ഫൊറന്‍സിക് പരിശോധനക്ക് വിധേയമാക്കുമെന്ന് അന്വേഷണസംഘം

കോഴിക്കോട്: എം.കെ.രാഘവനെതിരെ സ്വകാര്യ ചാനല്‍ പുറത്തുവിട്ട ഒളിക്യാമറ ദൃശ്യങ്ങള്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ചാനല്‍ നേരത്തെ സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങള്‍ക്കു പുറമെ മുഴുവന്‍ ദൃശ്യങ്ങളും ലഭിച്ച സാഹചര്യത്തിലാണ് ഇവ പരിശോധിക്കുന്നത്. അടുത്ത ദിവസം തന്നെ ഇവ പരിശോധനയ്ക്ക് വിധേയമാക്കും. ചാനലിന്റെ നോയ്ഡയിലുള്ള ഓഫീസില്‍ നിന്നാണ് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചത്. വാര്‍ത്ത മേധാവിയുടേതടക്കം അഞ്ചോളം പേരുടെ മൊഴി ശേഖരിച്ചിട്ടുണ്ട്.

കോഴിക്കോട് നോര്‍ത്ത് അസി.കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഇദ്ദേഹത്തിനാണ് അന്വേഷണ ചുമതല. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരവും, ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *