കോഴിക്കോട് : കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനമായി വർധിപ്പിച്ചതോടെ കള്ളക്കടത്ത് സ്വർണം കേരളത്തിലേക്ക് വൻതോതിൽ ഒഴുകുന്നതായി റിപ്പോർട്ടുകൾ,കോടികളാണ് ഇങ്ങനെ നികുതിയിനത്തിൻ സർക്കാരിന് നഷ്ടമാകുന്നത്. 10 ശതമാനമായിരുന്നു സ്വർണത്തിന്റെ ഇറക്കുമതി തീരുവ. അതാണ് കേന്ദ്ര ബജറ്റിൽ 12.5 ശതമാനമായി വർധിപ്പിച്ചിരിക്കുന്നത്. ഇറക്കുമതി തീരുവയ്ക്കു പുറമെ ഇന്ത്യയിൽ സ്വർണത്തിന് മൂന്നു ശതമാനം ജി.എസ്.ടി. കൂടി നൽകണം. ഇതു കൂടിയാകുമ്പോൾ 15.5 ശതമാനത്തിന്റെ നികുതിവെട്ടിപ്പ് നടത്തി സ്വർണം വലിയ തോതിൽ വില കുറച്ച് നൽകാൻ കള്ളക്കടത്ത് സംഘങ്ങൾക്ക് കഴിയുന്നു.ബാങ്ക് റേറ്റ് അടിസ്ഥാനമാക്കിയാണ് രാജ്യത്തെ സ്വർണക്കച്ചവടക്കാർക്ക് വില്പനയ്ക്കായി സ്വർണം ലഭിക്കുന്നത്. ബാങ്ക് റേറ്റാണ് രാജ്യത്ത് സ്വർണത്തിന്റെ അടിസ്ഥാന വില. എന്നാൽ, ബാങ്ക് റേറ്റിനെക്കാളും ഗ്രാമിന് 100 മുതൽ 150 രൂപ വരെ വില കുറച്ച് നൽകാൻ കള്ളക്കടത്ത് ലോബികൾക്ക് കഴിയുന്നുണ്ട്. ഇന്ത്യയിൽ പ്രതിവർഷം 800-850 ടൺ സ്വർണം വിനിമയം ചെയ്യപ്പെടുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതിന്റെ മൂന്നോ നാലോ ഇരട്ടി സ്വർണം കള്ളക്കടത്തായി എത്തുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

സിങ്കപ്പൂർ, മലേഷ്യ, യു.കെ., യു.എസ്.എ., ആഫ്രിക്ക, ഗൾഫ് നാടുകൾ തുടങ്ങിയ രാജ്യങ്ങളിലെല്ലാംതന്നെ സ്വർണത്തിന് നാമമാത്രമായ നികുതിയാണുള്ളത്. ഈ രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും സ്വർണം കള്ളക്കടത്തായികേരളത്തിലേക്കും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കുമെത്തുന്നത്.

ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് വൻ ലോബിയാണ് സ്വർണക്കള്ളക്കടത്ത് മേഖലയിൽ പ്രവർത്തിക്കുന്നത്.ഔദ്യോഗികമായി വിൽക്കപ്പെടുന്ന സ്വർണത്തിന്റെ 60 ശതമാനം ഇടപാടുകളും ദക്ഷിണേന്ത്യയിലാണ് നടക്കുന്നത്. അതിൽത്തന്നെ 30 ശതമാനം ഇടപാടുകളും നടക്കുന്നത് കേരളത്തിലാണ്. അതുകൊണ്ടാണ് സ്വർണക്കള്ളക്കടത്ത് ലോബി കേരളത്തെ പ്രധാന ഹബ്ബായി മാറ്റിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *