സംസ്ഥാനത്ത് ഈ മാസം അഞ്ച് മുതല്‍ 31 വരെ കര്‍ശന വാഹന പരിശോധന നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സംസ്ഥാനത്ത് ഈ മാസം അഞ്ച് മുതല്‍ 31 വരെ കര്‍ശന വാഹന പരിശോധന നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. റോഡ് സുരക്ഷയുടെ ഭാഗമായാണ് ഈ കര്‍ശന പരിശോധന. മോട്ടര്‍ വാഹന വകുപ്പും പോലീസും സംയുക്തമായാണ് വാഹനപരിശോധന നടത്തുക.ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മെറ്റും കാറുകളിലെ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നുണ്ടോ എന്നതുള്‍പ്പെടെയുള്ളവ പരിശോധിക്കും. ഓരോ തീയതികളില്‍ ഓരോ തരം നിയമലംഘനങ്ങള്‍ക്കെതിരെയാകും നടപടിയെടുക്കുക.

അഞ്ചാം തീയതി മുതല്‍ ഏഴാം തീയതി വരെ സീറ്റ് ബെല്‍റ്റ്, എട്ട് മുതല്‍ 10 വരെ അനധികൃത പാര്‍ക്കിങ്, 11 മുതല്‍ 13 വരെ അമിതവേഗം, 14 മുതല്‍ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലെയ്ന്‍ ട്രാഫിക്കും, 17 മുതല്‍ 19 വരെ ഡ്രൈവിങ്ങിനിടയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, 20 മുതല്‍ 23 വരെ സീബ്രാ ക്രോസിങ്ങും റെഡ് സിഗ്നല്‍ മറികടക്കലും 24 മുതല്‍ 27 വരെ സ്പീഡ് ഗവേണറും ഓവര്‍ലോഡും, 28 മുതല്‍ 31 വരെ കൂളിങ് ഫിലിം, കോണ്‍ട്രാക്‌ട് കാരിജുകളിലെ അധികലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നിങ്ങനെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന. അമിതവേഗത്തിലും മദ്യപിച്ചും വാഹനം ഓടിച്ച്‌ പിടിക്കപ്പെട്ടാല്‍ അവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *