മുംബൈ: നിസ്‌കരിക്കാന്‍ വിസമ്മതിച്ചതിന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്ന് യുവതികളെ പൊലീസ് അറസ്റ്റു ചെയ്തു.

എല്ലാ വെള്ളിയാഴ്ചയും നിര്‍ബന്ധമായും നിസ്‌കരിക്കണമെന്ന് പെണ്‍കുട്ടിയോട് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ചയും പെണ്‍കുട്ടി ബന്ധുക്കള്‍ പറഞ്ഞത് അനുസരിക്കാഞ്ഞതോടെ ഒരു ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കൊലപാതകം മറച്ചുവെക്കാന്‍ ബന്ധുക്കള്‍ പെണ്‍കുട്ടി ബാത്ത്‌റൂമില്‍ വഴുതിവീണുവെന്ന് ഡോക്ടര്‍മാരോട് കള്ളംപറയുകയും ചെയ്തു. എന്നാല്‍ കഴുത്തിനുചുറ്റും ചില അടയാളങ്ങള്‍ കണ്ട ഡോക്ടര്‍മാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

ബന്ധുക്കളെ ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മായി കുറ്റംസമ്മതിച്ചതായും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മ നേരത്തേ മരണപ്പെട്ടിരുന്നു. പിതാവ് ജോലിക്കു പോയാല്‍ കുട്ടിയെ നോക്കാന്‍ ആളുണ്ടാവില്ലെന്നതിനാല്‍ പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പമാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *