25 ഏക്കറില്‍ 30 ലക്ഷം ചതുരശ്ര അടിയില്‍ മൂവായിരം കോടി രൂപ ചിലവിൽ കോഴിക്കോട് നിര്‍മ്മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കള്‍ച്ചറല്‍ സെന്ററിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. നഗരത്തില്‍ നിന്ന് 40 കിലോ മീറ്റര്‍ അകലെ കൈതപ്പൊയിലെ മര്‍ക്കസ് നോളജ് സിറ്റിയിലാണ് രാജ്യത്തെ ഏറ്റവും വലിയ കള്‍ച്ചറല്‍ സെന്റര്‍ ഒരുങ്ങുന്നത്. മധ്യകാല അറബ്, മുസ്ലീം, പേര്‍ഷ്യന്‍ രാജകീയ കലകളും യൂറോപ്യന്‍ മാതൃകകളും ഒരുമിപ്പിച്ചാണ് സെന്റര്‍ ഒരുക്കുന്നത്. പൈതൃക മ്യൂസിയം, സ്പിരിച്‌വല്‍ എന്‍ക്ലേവ്, ഗവേഷണ വികസന കേന്ദ്രം, ലോകോത്തര ലൈബ്രറി, ഇന്റര്‍ നാഷണല്‍ ഇവന്റ് സെന്റര്‍ എന്നിവയും സെന്ററിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്. മുഗല്‍ നിര്‍മ്മിതിക്ക് മുന്‍ഗണന നല്‍കിയുള്ളതാണ് നിര്‍മ്മാണം. അര്‍ദ്ധവൃത്താകൃതിയില്‍ ഉരുക്കില്‍ തീര്‍ക്കുന്ന കുംഭ ഗോപുരത്തില്‍ പതിനായിരം പേരെ ഉള്‍ക്കൊള്ളിക്കാവുന്ന സൗകര്യം ഉണ്ട്. 72000 ചതുരശ്ര അടിയിലാണ് ഉദ്യാനം ഒരുക്കുന്നത്.
സെന്റിന്റെ ഉദ്ഘാടനം അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കുമെന്ന് മര്‍ക്കസ് നോളജ് സിറ്റി എംഡി ഡോ. എംഎഎച്ച് കണ്ടി അറിയിച്ചു.ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ സവിശേഷമായ സ്ഥാനം പിടിക്കുന്നതായിരിക്കും കള്‍ച്ചറല്‍ സെന്റര്‍ എന്ന് പദ്ധതിയുടെ സിഇഒ ഡോ. അബ്ദുള്‍ സാലം പറഞ്ഞു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാലെൻ മാർക്ക് ഡെവലപ്പേഴ്‌സാണ് കള്‍ച്ചറല്‍ സെന്ററിന്റെ നിര്‍മ്മാതാക്കള്‍. എം ഹബീബുഫറഹ്മാന്‍, എന്‍ ഹിബത്തുള്ള, ടി കെ മുഹമ്മദ് ഷക്കീല്‍ എന്നിവരാണ് നിര്‍മ്മാണ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Report : പ്രമീത ശ്രീജിത്ത്
