തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയുമുണ്ടെന്ന് അമ്മ ബിന്ദു. എന്‍ഐഎ അയച്ച ഫോട്ടോയില്‍ മകളുടെ ഭര്‍ത്താവ് ഇസയെ തിരിച്ചറിഞ്ഞു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം കിട്ടിയിട്ടില്ലെന്ന് നിമിഷയുടെ അമ്മ പറഞ്ഞു. 2017ല്‍ ഭര്‍ത്താവ് പാലക്കാട് സ്വദേശി ഇസയ്ക്കൊപ്പമാണ് നിമിഷ നാടുവിട്ടത്.
ഇത്രയധികം പേര്‍ ഒന്നിച്ച് കീഴടങ്ങിയെന്ന വിവരം വന്നതിന് പിന്നാലെയാണ് എന്‍ഐഎ ചില ചിത്രങ്ങള്‍ അയച്ചു തന്നതെന്ന് ബിന്ദു പറയുന്നു. ഇതില്‍ തന്‍റെ മരുമകനെ കാണാമായിരുന്നു. കൊച്ചുമകള്‍ ഒരു സ്ത്രീയുടെ മടിയില്‍ ഇരിക്കുന്നതും കാണുന്നുണ്ട്. എല്ലാ സ്ത്രീകളും തലയിലൂടെ മുഖാവരണം ധരിച്ചാണ് ഇരിക്കുന്നത്. അതുകൊണ്ട് മുഖം വ്യക്തമല്ല. പക്ഷേ, എന്‍റെ കൊച്ചുമകള്‍ ഇരിക്കുന്നുണ്ടെങ്കില്‍ അത് മകളുടെ മടിയില്‍ത്തന്നെയായിരിക്കുമല്ലോ, അതുകൊണ്ടാണ് ഇത് മകളാണെന്ന് പറയുന്നത് – ബിന്ദു പറയുന്നു,
