കോഴിക്കോട്: കോളേജ് വിദ്യാര്‍ഥിനിയെ അയല്‍വാസിയായ യുവാവ് നടുറോഡില്‍ കുത്തിപ്പരിക്കേല്‍പിച്ചു. കരുവിശ്ശേരി തിരുത്തിയില്‍ ക്ഷേത്രത്തിന് സമീപം ചിച്ചിനിപാട്ടുപറമ്പ് മുകേഷ് (31) ആണ് വിദ്യാര്‍ഥിനിയെ പൊട്ടിയ കുപ്പികൊണ്ട് കുത്തിയത്.
വ്യാഴാഴ്ച ഉച്ച 1.45ഓടെയാണ് സംഭവം. ഇരുചക്ര വാഹനത്തില്‍ ട്യൂഷന് പോകാനെരുങ്ങവെ സമീപത്തെത്തിയ യുവാവ് അകാരണമായി കുപ്പികൊണ്ട് വിദ്യാര്‍ഥിനിയുടെ ഹെല്‍മെറ്റില്‍ ഇടിക്കുകയായിരുന്നു. ഇതോടെ വിദ്യാര്‍ഥിനി നിലത്തുവീണു. തെറിച്ചുവീണ ഹെല്‍മെറ്റ് കൊണ്ട് പലതവണ തലക്കടിച്ചു. കൈകൊണ്ട് അടി തടഞ്ഞപ്പോള്‍ പൊട്ടിയ കുപ്പികൊണ്ട് വിദ്യാര്‍ഥിനിയുടെ ഇടുപ്പില്‍ കുത്തുകയായിരുന്നു.
കരച്ചില്‍കേട്ട് മാതാവും നാട്ടുകാരും ഓടിയെത്തിയപ്പോഴേക്കും അക്രമി ഓടിമറഞ്ഞു. മുറിവേറ്റ വിദ്യാര്‍ഥിനി ബീച്ച് ആശുപത്രിയില്‍ ചികിത്സതേടി. മൂന്ന് തുന്നലുണ്ട്. പ്രതി സമീപവാസികളുമായി അടുപ്പംപുലര്‍ത്താത്ത പ്രകൃതക്കാരനാണ്. ഇയാള്‍ക്കെതിരെ നിരവധി പരാതികളുണ്ടെന്നും കുറ്റകൃത്യ പശ്ചാത്തലമുണ്ടെന്നും പൊലീസ് പറഞ്ഞു. ചേവായൂര്‍ എസ്.െഎ ഇ.കെ. ഷിജു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. യുവാവിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
