കെ.പി.സി.സി പുനസംഘടന പട്ടിക അവസാന ഘട്ടത്തില്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ കൂടിയാലോചിച്ച് അന്തിമ പട്ടിക ഇന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന് കൈമാറും. അതേസമയം ഭാരവാഹിപട്ടികയെ ചൊല്ലി ഗ്രൂപ്പുകള്‍ക്കുള്ളില്‍ തര്‍ക്കം തുടരുകയാണ്. അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് പുനസംഘടന വിവരങ്ങള്‍ കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ അറിയിച്ചതാണ്.
ഭാരവാഹി പട്ടികയുടെ ബാഹുല്യം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നാണ് ഹൈക്കമാന്‍റ് നിലപാട്. ഒരാള്‍ക്ക് ഒരു പദവിയെന്ന മാനദണ്ഡം പാലിക്കണം, എം.പിമാരും എം.എല്‍.എമാരും ഭാരവാഹികളാകേണ്ട, 70 വയസ് എന്ന പ്രായ പരിധി പാലിക്കണം, പത്തു വർഷമായി തുടരുന്ന ഭാരവാഹികളെ മാറ്റാം എന്നീ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണ് ഹൈക്കമാന്‍റ് നിര്‍ദേശം. വര്‍കിംങ് പ്രസിഡന്‍റുമാരായ കൊടിക്കുന്നില്‍ സുരേഷിനും കെ. സുധാകരനും തുടരന്‍ ഹൈക്കമാന്‍റ് ഇളവ് നല്‍കിയിട്ടുണ്ട്.
ഇതോടെ വീണ്ടും ചര്‍ച്ച അനിവാര്യമായിരിക്കുകയാണ്. മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വീണ്ടും തുടര്‍ചര്‍ച്ചകള്‍ നടത്തും. ഒരാഴ്ചക്കകം പട്ടിക ഇറക്കാനാണ് നീക്കം. ഭാരവാഹികളെ ഉടന്‍ നിയമിക്കേണ്ടത് അനിവാര്യമായതിനാൽ വിട്ടുവീഴ്ചക്ക് തയ്യാറായിരിക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനപ്രതിനിധികളെ ഒഴിവാക്കണമെന്നും പട്ടിക പരമാവധി ചുരുക്കണമെന്നുമുള്ള നിലപാടില്‍ ഉറച്ചുനിന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ സോണിയ ഗാന്ധിയുമായുള്ള ചര്‍ച്ചയിലും ഇത് ആവര്‍ത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *